കാട്ടാക്കട: രാജിക്ക് ചിതയൊരുക്കി, സർക്കാരിന് വിട്ടുനൽകിയ ഭൂമിക്കരികിൽ. ഏകമകൻ പന്ത്രണ്ടുകാരൻ ശ്രീശരൺ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. പ്രീയപ്പെട്ടവൾ ആറടിമണ്ണിൽ എരിഞ്ഞടങ്ങുന്നത് കണ്ടുനിൽക്കാനാവാതെ ശിവൻ ചിതയ്ക്കരികിൽ കുഴഞ്ഞുവീണു.
സംസ്കാര ചടങ്ങിനെത്തിയ ജനാവലി ദു:ഖമടക്കാനാവാതെ തേങ്ങി. ഒരു നാടിനെയാകെ നൊമ്പരത്തിലാക്കി രാജി എന്ന വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു. സാങ്കേതിക സർവകലാശാലയ്ക്ക് വിട്ടു നൽകിയ ഭൂമിക്കരികിൽ.
വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന്, ഒടുവിൽ കടബാധ്യത താങ്ങാനാവാതെ ഒരുമുഴം കയറിൽ ജീവനൊടുക്കിയ സംരംഭക രാജിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത് നാടൊന്നടങ്കം.
വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക് കമ്പനി ഉടമയുമായ രാജി (47) തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ രാജിയിൽ നിന്ന് ഏറ്റെടുത്ത 24 സെന്റ് ഭൂമിക്ക് സർക്കാർ വില നൽകിയില്ല.
ആധാരവും അനുബന്ധ രേഖകളും ഒരു വർഷം മുമ്പ് വാങ്ങുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത ഭൂമിയായതിനാൽ മറ്റാർക്കും വിൽക്കാനോ, ബാങ്ക് വായ്പ എടുക്കാനോ രാജിക്കായില്ല. ഒടുവിൽ 58 ലക്ഷം രുപയുടെ കടം താങ്ങാനാവാതെ ശിവനെയും ഏകമകൻ ശ്രീശരണിനെയും തനിച്ചാക്കി രാജി ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.
രാജിയുടെ മൃതദേഹം ഇന്നലെ രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടന്നുകൊണ്ടിരിക്കെ നാട്ടുകാരും സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയവരുമടക്കം നൂറുകണക്കിന് ആളുകൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ചു. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചുവെങ്കിലും തുടർസമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇവരുടെ മൃതദേഹം വിട്ടുനൽകിയപ്പോഴായിരുന്നു മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം.സാങ്കേതിക സർവകലശാലയ്ക്കായി ഭൂമിയും ഭൂരേഖയും ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സാമ്പത്തിക കുരുക്കിലകപ്പെട്ടാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകാതിരിക്കാനാണ് തുടർസമരങ്ങൾ ആലോചിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
അരമണിക്കൂറോളം പ്രതിഷേധിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞ് പോയത്. സാങ്കേതിക സർവകലാശാലയ്ക്കായി 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് 50 ഏക്കറായി ചുരുക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12ന് മൃതദേഹം വൻജനാവലിയുടെ അകമ്പടിയോടെ നെടുങ്കുഴിയിലെ കമ്പനി മുറ്റത്തേക്ക് കൊണ്ടുവന്ന പ്രിയതമയുടെ ചേതനയറ്റ ശരീരത്തിൽ നോക്കി ശിവനും അമ്മ ഇനി ഉണരില്ലെന്ന സത്യമോർത്ത് മകൻ ശ്രീശരണും തേങ്ങിക്കരഞ്ഞു.