മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നരയ്ക്കു മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഫഡ്നാവിസ് ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുന്പ് വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണു രാജി. എൻസിപിയിൽനിന്നു കൂറുമാറി ഉപമുഖ്യമന്ത്രിയായ അജിത് പവാറും രാജിവച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുന്പ് അസാധാരണമായ വിധത്തിലാണ് 11 ദിവസം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
നവംബർ 12-നു രാഷ്ട്രപതി ഭരണത്തിലായ സംസ്ഥാനത്ത് പുലർച്ചെ 5.47ന് രാഷ്ട്രപതിഭരണം പിൻവലിച്ചു. കേന്ദ്ര കാബിനറ്റ് ചേരാതെ പ്രധാനമന്ത്രിയുടെ വിശേഷാധികാരം ഉപയോഗിച്ചാണ് ഇതിനുള്ള ശിപാർശ രാഷ്ട്രപതിക്കു നൽകിയത്.
വെള്ളിയാഴ്ച രാത്രി 9.30-നു ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് ഗവർണർക്കു കത്ത് നൽകിയിരുന്നു. രാത്രി 12.30-ന് അജിത് പവാറും ഗവർണറെ കണ്ട് കത്തു നൽകി. 105 ബിജെപിക്കാരും 11 സ്വതന്ത്രരുമുൾപ്പെടെ 116 പേരുടെ പിന്തുണ ഫഡ്നാവിസും എൻസിപിയിലെ 54 പേരുടെ പിന്തുണ അജിത്തും അറിയിച്ചു; മൊത്തം 170 പേർ. 288 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 145 വേണം.
എന്നാൽ ഇതിനുശേഷം നിലപാട് കടുപ്പിച്ച് എൻസിപിയും ശിവസേനയും കോണ്ഗ്രസും രംഗത്തെത്തി. എംഎൽഎമാരെ ഹോട്ടലുകളിലേക്കു മാറ്റിയ പാർട്ടികൾ അവർക്കു കാവലും ഏർപ്പെടുത്തി. വിശ്വാസവോട്ട് നീട്ടുന്നതിനെതിരേ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ബിജെപി വെട്ടിലായി. ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുന്പ് വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുക കൂടി ചെയ്തതോടെ ഗത്യന്തരമില്ലാതെ നാണംകെട്ട് ഫഡ്നാവിസ് പടിയിറങ്ങുകയായിരുന്നു.