കായംകുളം: പുതുപ്പള്ളിയിൽ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനു പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍.
പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് സോമനു പരിക്കേറ്റതെന്നും രാജി പറയുന്നു.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് രാജിയുടെ വാദം. പുതുപ്പള്ളിയിലെ 135-ാം നമ്പര്‍ ബൂത്ത് ഏജന്റായ പുതുക്കാട്ട് വടക്കേത്തറ സോമനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
മാധ്യമങ്ങൾ ഇതുസംബന്ധമായി വാർത്തയും നൽകി . എന്നാല്‍ സംഭവത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് സോമന്റെ ഭാര്യ രാജലക്ഷ്മി, മകള്‍ അനില എന്നിവര്‍ പോലീസിനോട് പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിനുവേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി.
ഇതിനിടെ തന്നെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമനു പരിക്കേറ്റുവെന്നും രാജി പറയുന്നു. രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തര്‍ക്കത്തെത്തുടര്‍ന്ന് പരിക്കേറ്റ സോമന് പ്രദേശത്തെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുവരുത്തി സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോൺഗ്രസ് ബൂത്ത് ഏജന്റ് സോമനെ ക്രൂരമായി മര്‍ദിച്ചു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആരോപിച്ചിരുന്നു.
കുടുംബ വഴക്കിനിടയിൽ മര്‍ദനത്തില്‍ സോമന്റെ ഭാര്യ രാജലക്ഷ്മി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.