കാട്ടാക്കട: വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന സംരംഭക കടബാധ്യത താങ്ങാനാവാതെ ജീവനൊടുക്കി.
വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക് കമ്പനി ഉടമയുമായ രാജി ശിവനെ (47) യാണ് ഇന്നലെ പുലർച്ചെ 5.30ന് കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാൻസ് കോർപ്പറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് 58 ലക്ഷം വായ്പ എടുത്തിരുന്നു. പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കോവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി.
വായ്പ കുടിശിക ഭീമമായതോടെ സ്വന്തമായുള്ള 74 സെന്റ് ഭൂമി വിറ്റ് കടക്കെണിയിൽ നിന്ന് രക്ഷപെടാൻ രാജിയും ഭർത്താവും തീരുമാനിച്ചു. അപ്പോഴാണ് സാങ്കേതിക സർവകലാശാലയ്ക്ക് നൂറ് ഏക്കർ ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടു വരുന്നത്.
ഒരു വർഷം മുമ്പ് സാങ്കേതിക സർവകലാശാലയ്ക്ക് ആസ്ഥാനവും കാമ്പസും നിർമിക്കാൻ സർക്കാർ നൂറേക്കർ ഏറ്റെടുത്തപ്പോൾ രാജിയുടെ 24 സെന്റും ഇതിൽ ഉൾപ്പെട്ടു. സെന്റിന് 4.75 ലക്ഷം വിലയിട്ടാണ് രാജിയുടെ 24 സെന്റ് ഏറ്റെടുത്തത്. 2020ൽ ഭൂമിയുടെ പ്രമാണവും അനുബന്ധ രേഖകളും സർക്കാരിന് കൈമാറി.
ഒറ്റത്തവണയായി 30 ലക്ഷം നൽകിയാൽ വായ്പ അടച്ചു തീർക്കാമെന്ന് ബാങ്ക് അധികൃതർ രാജിയെ അറിയിച്ചു.തുടർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ നാലുമാസം മുമ്പ് രാജി ബാങ്കധികൃതരുമായി കരാറിലേർപ്പെട്ടു. കരാർ കാലാവധി ഈ മാസം 31 ന് അവസാനിക്കും.
എന്നാൽ സാമ്പത്തിക പ്രതിസന്ധി എന്ന ന്യായം നിരത്തി 50 ഏക്കർ ഭൂമി മാത്രം ഏറ്റെടുക്കാൻ മൂന്നു മാസം മുമ്പ് സർക്കാർ തീരുമാനിച്ചു. ഇതോടെ ആദ്യം ഏറ്റെടുത്തതിൽ ഉൾപ്പെട്ട രാജിയുടെ ഭൂമി പട്ടികയിൽ നിന്ന് പുറത്തായി.ആധാരമുൾപ്പെടെ സകല രേഖകളും സർക്കാരിന്റെ പക്കലായതിനാൽ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാർക്കെങ്കിലും വിൽക്കാനോ കഴിയാത്ത സ്ഥിതിയിലായതോടെ രാജി മാനസികമായി തകർന്നു.
കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ സ്ഥാപനവും കിടപ്പാടവും ബാങ്കുകാർ ദിവസങ്ങൾക്കുള്ളിൽ ജപ്തി ചെയ്യുമെന്ന ഭയത്തിലാണ് രാജി ജീവനൊടുക്കിയത്. സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയ 126 കുടുംബങ്ങളുണ്ട് വിളപ്പിൽശാല ചൊവ്വള്ളൂർ വാർഡിൽ.
ഇവരിൽ പലരും പ്രതിസന്ധിയിലാണ്. രാജിയുടെ ഏകമകൻ ശ്രീശരൺ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.വിളപ്പിൽശാല പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.