അനുരാഗ കരിക്കിന് വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടാനും രജിഷയ്ക്ക് കഴിഞ്ഞിരുന്നു.
പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂം താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
ധനുഷ് നായകനായ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം.
സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നില്ക്കുന്ന പുതിയ സിനിമ. മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് രജിഷയുടെ അടുത്ത സിനിമ.
മലയാളം സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവു ഓണ്‍ ഡ്യൂട്ടി, തമിഴ് ചിത്രം സര്‍ദാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍.
മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ രണ്ട് ഭാഷകളില്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
രജീഷയുടെ വാക്കുകള്‍ ഇങ്ങനെ…തമിഴ്നാട്ടില്‍ പ്രേക്ഷകര്‍ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്.
അതുകൊണ്ട് തന്നെ കലാകാരന്മാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവര്‍ നമ്മളെ റെസ്പെക്ട് ചെയ്യുന്നത് എന്നാണ് രജിഷ പറയുന്നത്.
തമിഴ്നാട്ടില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവര്‍ നമ്മളെ ബഹുമാനത്തോടെ അമ്മാ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ എത്രത്തോളം റെസ്പെക്ട് അവര്‍ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവും.
തമിഴ് സിനിമാ ഇന്‍ഡസ്ട്രി കംപാരിറ്റീവ്ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നതെന്നും രജീഷ പറയുന്നു.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ സിനിമയിലെത്തുന്നത്. സാധാരണക്കാരിയായിരുന്ന തന്നെ ഒരു നടിയാക്കിയത് അനുരാഗ കരിക്കിന് വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നാണ് രജിഷ പറയുന്നത്.
ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരുന്നു.
എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്.
അതേസമയം സാധാരണ പറയും പോലെ നീ ജീവിച്ചാല്‍ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലെന്നും . ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ അവരെനിക്ക് തന്നിരുന്നു.
എനിക്ക് കൃത്യമായ വര്‍ക്ക്ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോര്‍മല്‍ പേഴ്സണ്‍ എന്ന നിലയില്‍ നിന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണെന്ന് രജിഷ അടിവരയിട്ട് പറയുന്നു.
ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്.
എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണെന്നും രജിഷ പറയുന്നു.