കാട്ടാക്കട : സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി വിട്ടുനൽകിയ വനിതാ സംരംഭക രാജി ശിവന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി നാട്ടുകാർ.
സർക്കാരിന്റെ ഉറപ്പ് കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാർ. ആത്മഹത്യ ചെയ്ത രാജിയുടെ മൃതദേഹം മെഡിക്കൽ കേളജ് ആശുപത്രിയിലാണ്.
ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം അറിയാതെ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്ന നിലപാടിലാണിവർ.
തനിക്ക് നീതി കിട്ടണമെന്നും സർക്കാരിന്റെ കടുത്ത അവഗണനയാണ് തന്റെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ഭർത്താവ് ശിവൻ പറഞ്ഞു.
വനിതാ സംരംഭകയുടെ ആത്മഹത്യയിൽ സർക്കാരിനോടുള്ള പ്രതിഷേധം കടുപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന ഭൂവുടമകളുടെ യോഗം തീരുമാനിച്ചു.
ആത്മഹത്യ ചെയ്ത രാജിയുടെ കല്ലുമല ഇൻഡസ്ട്രീസിൽ ചേർന്ന യോഗത്തിൽ സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയവർ പങ്കെടുത്തു.
ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം അറിയാതെ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്ന നിലപാടിലാണിവർ.
വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന വീട്ടമ്മയാണ് മറ്റൊരു വഴിയുമില്ലാതെ ഇന്നലെ പുലർച്ചേ ആത്മഹത്യ ചെയ്തത്.
കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാൻസ് കോർപറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് 58 ലക്ഷം വായ്പ എടുത്തിരുന്നു.
പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കോവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി.
വായ്പ കുടിശിക ഭീമമായതോടെ സ്വന്തമായുള്ള 74 സെന്റ് ഭൂമി വിറ്റ് കടക്കെണിയിൽ നിന്ന് രക്ഷപെടാൻ രാജിയും ഭർത്താവും തീരുമാനിച്ചു.
അപ്പോഴാണ് സാങ്കേതിക സർവകലാശാലയ്ക്ക് നൂറ് ഏക്കർ ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടു വരുന്നത്.
ഒരു വർഷം മുമ്പ് സാങ്കേതിക സർവകലാശാലയ്ക്ക് ആസ്ഥാനവും കാമ്പസും നിർമിക്കാൻ സർക്കാർ നൂറേക്കർ ഏറ്റെടുത്തപ്പോൾ രാജിയുടെ 24 സെന്റും ഇതിൽ ഉൾപ്പെട്ടു.
സെന്റിന് 4.75 ലക്ഷം വിലയിട്ടാണ് രാജിയുടെ 24 സെന്റ് ഏറ്റെടുത്തത്. 2020-ൽ ഭൂമിയുടെ പ്രമാണവും അനുബന്ധ രേഖകളും സർക്കാരിന് കൈമാറി.
ഒറ്റത്തവണയായി 30 ലക്ഷം നൽകിയാൽ വായ്പ അടച്ചു തീർക്കാമെന്ന് ബാങ്ക് അധികൃതർ രാജിയെ അറിയിച്ചു.
തുടർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ നാലുമാസം മുമ്പ് രാജി ബാങ്കധികൃതരുമായി കരാറിലേർപ്പെട്ടു. കരാർ കാലാവധി ഈ മാസം 31 ന് അവസാനിക്കും.
എന്നാൽ സാമ്പത്തിക പ്രതിസന്ധി എന്ന ന്യായം നിരത്തി 50 ഏക്കർ ഭൂമി മാത്രം ഏറ്റെടുക്കാൻ മൂന്നു മാസം മുമ്പ് സർക്കാർ തീരുമാനിച്ചു. ഇതോടെ ആദ്യം ഏറ്റെടുത്തതിൽ ഉൾപ്പെട്ട രാജിയുടെ ഭൂമി പട്ടികയിൽ നിന്ന് പുറത്തായി.
ആധാരമുൾപ്പെടെ സകല രേഖകളും സർക്കാരിന്റെ പക്കലായതിനാൽ ബാങ്ക് ലോണെടുക്കാനോ ഭൂമി മറ്റാർക്കെങ്കിലും വിൽക്കാനോ കഴിയാത്ത സ്ഥിതിയിലായതോടെ രാജി മാനസികമായി തകരുകയായിരുന്നു.