കൊച്ചി: റിയാലിറ്റി ഷോയിൽനിന്നു പുറത്തായ രജിത്കുമാറിനു സ്വീകരണം നൽകാനുള്ള നീക്കത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മനുഷ്യൻ അദൃശ്യമായ ഒരു മഹാമാരിയെ നേരിടുകയാണെന്നും ആ സാഹചര്യത്തിൽ നമ്മളുടെ ജാഗ്രതക്കുറവു സമൂഹത്തിൽ വൻ ഭവിഷ്യത്തുകൾക്കു കാരണമാകുമെന്ന ഉത്തമബോധ്യം നമുക്ക് തന്നെ ഉണ്ടാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രജിത് കുമാറിനു ഫാൻസ് അസോസിയേഷൻ ആറ്റിങ്ങലിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാനത്തു കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും അത്തരത്തിലുള്ള ആൾക്കൂട്ടം അനുവദിക്കാൻ പാടില്ല.
ഇതു സംബന്ധിച്ചു പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. സ്വീകരണത്തിനു മുതിരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഭയമല്ല, ജാഗ്രതയാണു വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രജിത്കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർ നടത്തിയ പ്രകടനങ്ങൾ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് വിമർശിച്ചിരുന്നു.
സംഭവത്തിൽ, പേരറിയാവുന്ന നാലു പേർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.