ആലുവ: സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാര് പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനില് ചോദ്യം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറംലോകവുമായി ബന്ധമില്ലാതെയാണ് ടിവി ഷോയിൽ പങ്കെടുത്തത്. അതിനാൽ പുറത്ത് നടക്കുന്ന സംഭവങ്ങള് എന്താണെന്ന് പോലും ചിന്തിക്കുവാന് കഴിയുന്ന മാനസികാസ്ഥയിലായിരുന്നില്ല. ഇതേ അവസ്ഥയിലാണ് കൊച്ചി വിമാനത്താവളത്തില് വന്നിറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് പ്രീപെയ്ഡ് ടാക്സിയിൽ വീട്ടില് പോകാമെന്നാണ് കരുതിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്.
സംസ്ഥാനത്തിന്റെ പല ദിക്കില് നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങള് വന്നതാണ് കൂടുതല് ആളുകള് വിമാനത്താവളത്തില് എത്താന് കാരണമെന്ന് കരുതുന്നതായും ഡോ. രജിത് കുമാര് പറഞ്ഞു.
താന് ഒളിവിലായിരുന്നില്ലെന്നും വീട്ടില് തന്നെ ഉണ്ടായിരുന്നുവെന്നും ഡോ. രജിത് കുമാര് പറഞ്ഞു. ആര്ക്കും ശല്യമാകേണ്ടായെന്ന് കരുതിയാണ് രണ്ട് മൊബൈല് ഫോണുകളും സ്വിച്ച് ഓഫ് ആക്കിയത്.
രാജ്യത്ത് ആരോഗ്യ രംഗത്ത് തന്നെ മുന്നിട്ട് നില്ക്കുന്ന സംസ്ഥാനമാണ് കേരളം. സര്ക്കാറിന്റെ കൊറോണ പ്രവര്ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും രജിത് പറഞ്ഞു.