പഴയങ്ങാടി: ജീവിതവഴിയിൽ അനാഥയായ രജിതയ്ക്ക് ഇനി യുവകർഷകൻ കൃഷ്ണദാസിന്റെ കൂട്ട്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ശാസ്ത്ര കൗൺസലിംഗ് ഷെൽട്ടർ ഹോമിലെ രജിത (22) യെ മാതമംഗലത്തിനടുത്ത പേരൂലിലെ യുവകർഷകൻ കീപ്പിലാട്ട് കൃഷ്ണദാസ് (29) മിന്നുകെട്ടി.
അമ്മയുടെ മരണശേഷം രണ്ടുവർഷത്തോളമായി ഷെൽട്ടർ ഹോമിൽ അന്തേവാസികളെ പരിചരിച്ചും സഹായം നൽകിയും കഴിയുകയായിരുന്നു രജിത.
അന്വേഷണത്തിനൊടുവിലാണ് മാതമംഗലം കിഴക്കേക്കരയിലെ പരേതനായ കോക്കോട്ട് നാരായണൻ നമ്പ്യാർ-കീപ്പിലാട്ട് തമ്പായി അമ്മ ദന്പതികളുടെ മകനായ കൃഷ്ണദാസ് രജിതയെ കണ്ടുമുട്ടിയത്.
തുടർന്ന് സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശാസ്ത്രയുടെ പ്രവർത്തകരെ ബന്ധപ്പെടുകയും വിവാഹാലോചന നടത്തുകയുമായിരുന്നു.
മതേതരസംഗമം കൂടിയായിരുന്നു കല്യാണം. മാതമംഗലം ചേപ്പായി കോട്ടം ഓഡിറ്റോറിയത്തിൽ ശാസ്ത്രയുടെ ചെയർമാൻ പി.വി.അബ്ദുൾറഹ്മാൻ വധൂവരൻമാർക്ക് വരണമാല്യം എടുത്തുകൊടുത്തു.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ സി.സുരേഷ്കുമാർ സർക്കാരിനുവേണ്ടി കന്യാദാന ചടങ്ങ് നടത്തി. ശാസ്ത്ര ജനറൽ സെക്രട്ടറി വി.ആർ.വി.ഏഴോം, സുജ എൻ.റഹ്നാസ്, ഷിജില ബർണാഡ്, എസ്.ഗിരിജാദേവി, യു. ആയിഷ എന്നിവർ വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചു.
പർദയും മറ്റും അണിഞ്ഞ് സഹോദരിമാർ കതിർമണ്ഡപത്തിൽ എത്തിയതും വധൂവരൻമാർക്ക് അഭിനന്ദനങ്ങൾ നൽകുന്നതും കൗതുകകരമായി. കർഷകനായ കൃഷ്ണദാസിന് അമ്മയും മൂന്ന് സഹോദരന്മാരും സഹോദരിയുമുണ്ട്.
ശാസ്ത്രയുടെ സഹായത്തോടെ നേരത്തെ വിവാഹിതരായ വിപിൻ-ഗ്രീഷ്മ ദമ്പതിമാരും കുട്ടിയോടൊപ്പം കല്യാണത്തിൽ പങ്കെടുത്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത,ഡോ.വി.എൻ.രമണി. യു.ആയിഷ, കെ.ചന്ദ്രിക, പ്രഫ.എ. ജമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ആയിരത്തോളം പേർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.