തൃശൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശിൽപത്തിൽ കയർ മുറുക്കി കോണ്‍ഗ്രസുകാർ ബോർഡ് കെട്ടിയത് വിവാദത്തിനൊപ്പം ട്രോളുകളും ഏറ്റുവാങ്ങി. തൃശൂർ ലൂർദ് കത്തീഡ്രലിനു സമീപമുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയുടെ കഴുത്തിലാണ് കുരുക്കിട്ട് മുറുക്കി കോൺഗ്രസിന്റെ ‘സമരാഗ്നി’ സമരത്തിന്റെ ബോർഡ് കെട്ടിയത്.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ സമരാഗ്നിയേക്കാൾ വേഗത്തിൽ ആളിപ്പടർന്നതോടെ തൃശൂർ ജില്ല കോണ്‍ഗ്രസിന് ഇരിക്കപ്പൊറുതി ഇല്ലാതായി. പലഭാഗത്തുനിന്നും ആളുകളും പ്രവർത്തകരും വിളി തുടങ്ങി.
വലിയ പ്രതിഷേധമുയർന്നതോടെ പ്രതിമയുടെ കഴുത്തിൽനിന്നു കയറൂരി രാജീവ്ഗാന്ധിയെ മോചിപ്പിച്ചു. എങ്കിലും സോഷ്യൽമീഡിയ ചർച്ചകൾ അവസാനിച്ചിട്ടില്ല.
കോണ്‍ഗ്രസുകാർ രാജീവ്ജിയെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയെന്ന നിലയിലുള്ള ട്രോളുകൾ വ്യാപിക്കുകയാണ്. രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കഴുത്തിൽ കയർ കെട്ടിയത് രാജീവ് ഗാന്ധിയെ അപമാനിച്ചതിന് തുല്യമാണെന്നാണു വിമർശനം. കോണ്‍ഗ്രസുകാർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്ത് സ്വയം നാണംകെടുകയാണെന്ന വിമർശനവുമുണ്ടായി.
ബോർഡ് വീഴാതിരിക്കാൻ ബലത്തിനു കെട്ടിയതാണെന്ന കോണ്‍ഗ്രസുകാർ വിശദീകരിച്ചെങ്കിലും വിലപ്പോയില്ല. കയർ കെട്ടിയതിനു പിന്നിലാരായിരുന്നു എന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന ആവശ്യവും ചിലർ ഉയർത്തി.
സ്വന്തം ലേഖകൻ