റാഞ്ചി: ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ 17 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാർഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള സ്ത്രീ പോലീസിനെ സമീപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവിനൊപ്പം ചന്തയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ ക്രൂരപീഡനത്തിന് ഇരയായെന്നാണു യുവതിയുടെ പരാതി. ഭർത്താവിനെ ബന്ദിയാക്കിയശേഷമാണു യുവതിയെ പീഡിപ്പിച്ചത്.
അക്രമികൾ മദ്യലഹരിയിലായിരുന്നു. പ്രതികളിൽ ഒരാൾ പരിചയക്കാരനാണെന്നു യുവതി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ടശേഷമാണു യുവതി പോലീസിൽ പരാതി നൽകിയത്. ശേഷിക്കുന്ന പ്രതികൾക്കുവേണ്ടി പോലീസ് തെരച്ചിൽ നടത്തുകയാണ്.
ഇവരെ തിരിച്ചറിയാൻ മാർക്കറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.