രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കുട്ടികളുടെ വിനോദകേന്ദ്രമായ ടിആര്‍പി ഗെയിം സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒന്‍പതു കുട്ടികൾ ഉൾപ്പെടെ 25 പേർക്കു ദാരുണാന്ത്യം. നിരവധി പേർക്കു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ തീപിടിത്തം നാലു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇരുപതോളം കുട്ടികളെ കേന്ദ്രത്തിൽനിന്ന് പുറത്തെത്തിക്കാനായെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.
മധ്യവേനൽ അവധി ആയതിനാൽ കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രധാനകേന്ദ്രത്തിനു സമീപം ഫൈബർ ഉപയോഗിച്ച് നിർമിച്ച താത്കാലിക കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ പടുകൂറ്റൻ നിർമിതി നിലംപതിച്ചതു സ്ഥിതിഗതികൾ ഗുരുതരമാക്കിയെന്ന് രാജ്കോട്ട് പോലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
അപകടസമയത്ത് ഒട്ടേറെ കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നു പറഞ്ഞ അദ്ദേഹം, നഗരത്തിലെ വിനോദകേന്ദ്രങ്ങളെല്ലാംഅടച്ചുപൂട്ടാൻ നിർദേശം നൽകിയതായും വ്യക്തമാക്കി. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ തുടങ്ങിയവര്‍ ദുരന്തത്തില്‍ അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പല്‍ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പരിക്കേറ്റവരുടെ ചികിത്സയ്ക്കു സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്കി.