തൊടുപുഴ: പീരുമേട് സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതി രാജ്കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു പോലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചെന്ന വിവരം കേസ് അട്ടിമറിക്കാനാണെന്ന് സൂചന. ഒരു പോലീസുകാരൻ രാമക്കൽമേട്ടിലും മറ്റൊരാൾ എറണാകുളത്തും ആത്മഹത്യാശ്രമം നടത്തിയെന്നാണ് വിവരം പുറത്തു വന്നത്.
കേസിന്റെ സമ്മർദം താങ്ങാനാവാതെയാണ് ഇവർ സാഹസത്തിനൊരുങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം തട്ടിക്കൂട്ടിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ ആത്മഹത്യശ്രമങ്ങളെന്നും ആരോപണമുണ്ട്. കേസിൽ പോലീസുകാർ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് വരുത്തിത്തീർത്ത് പോലീസുകാർക്കെതിരേയുള്ള നടപടികൾ ലഘൂകരിക്കാനാണ് ശ്രമമെന്നാണ് സൂചന.
നിരപരാധികളായ പോലീസുകാരെ കേസിൽപ്പെടുത്തുക വഴി ഇവരുടെ മനോ വീര്യം തകർക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ കേസ് അട്ടിമറിക്കാനുള്ള തിരനാടകമാണ് അണിയറയിൽ നടക്കുന്നതെന്നാണ് പറയുന്നത്.
ഇതിനിടെ രാജ്കുമാറിന്റെ മറണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തേക്കും.
രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാർക്കെതിരയും കേസെടുക്കാൻ സാധ്യതയുണ്ടെങ്കിലും മർദനത്തിനു നേതൃത്വം നൽകിയ നാലു പോലീസുകാർക്കെതിരെ 302-ാം വകുപ്പനുസരിച്ച് മനഃപൂർവമായ നരഹത്യക്ക് കേസെടുക്കാനാണ് സാധ്യത. കസ്റ്റഡി മരണം ശരിവയ്ക്കുന്ന തരത്തിൽ പുറത്തു വന്നിരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുമാണ് കൊലക്കുറ്റത്തിനു കേസ് എടുക്കാൻ തയാറാകുന്നത്.
കൂടാതെ കസ്റ്റഡി മരണത്തിന്റെ പേരിൽ സമർദത്തിലായിരിക്കുന്ന സർക്കാരിനും മുഖം രക്ഷിക്കാൻ പോലീസുകാർക്കെതിരെയുള്ള നടപടി അനിവാര്യമാണ്. ഇതിനിടെ കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പോലീസ് വ്യാജരേഖ ചമച്ചെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി നേരിട്ടു ബന്ധമില്ലാത്ത പോലീസുകാർ പോലും കേസിൽ പ്രതികളായേക്കുമെന്ന സൂചനയാണുള്ളത്.
സംഭവദിവസങ്ങളിൽ സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരും ഇതിൽ ഉൾപ്പെടും. സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന റെജി.എം. കുന്നിപ്പറന്പൻ ഇതേ ദിവസം വീട്ടിലെ ചടങ്ങുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സിഐയ്ക്കും കേസിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സ്റ്റഷനിലും പീരുമേട് സബ് ജയിലിലും രാജ്കുമാറിന് ക്രൂരമർദനം നേരിടേണ്ടി വന്നുവെന്നാണ് പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് തെളിയിക്കുന്നത്. കടുത്ത മർദനമുറകൾ നേടിടേണ്ടി വന്ന രാജ്കുമാറിനു കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ വിവരം കൂടിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വെളിവാകുന്നത്. മർദനത്തിൽ ശരീരത്തിലെ ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു.
ആന്തരിക രക്തസ്രാവത്തെതുടർന്നുണ്ടായ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കടുത്ത മർദനത്തെതുടർന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നാണ് ലഭിക്കുന്ന സൂചനകൾ. പോലീസിനേയും പീരുമേട് ജയിൽ അധികൃതരേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. രാജ്കുമാറിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ ഒട്ടേറെ മുറിവുകളും ചതവുകളും ക്രൂരമായ മർദനമുറകൾ നടന്നതിന്റെ സൂചനകളാണ് നൽകുന്നത്.
കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണു പരിക്കേറ്റെന്നതുൾപ്പെടെ പോലീസിന്റെ വാദം പൂർണമായും പൊളിയുന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.പ്രതിയുടെ തുടയിലും കാൽവെള്ളയിലും ഒട്ടേറെ ചതവുകളും അടിയേറ്റ പാടുകളുമുണ്ട്. ഉരുട്ടലിനു സമാനമായ മർദനമുറകൾ നടന്നിട്ടുണ്ടെന്ന വ്യക്തമായ സൂചനയാണ് ഈ പരിക്കുകൾ നൽകുന്നത്.
പോസ്റ്റുമോർട്ടം പരിശോധനയിൽ രാജ്കുമാറിന്റെ ശരീരത്തിൽ ഏഴ് ചതവുകളും 22 പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുൻപ് രാജ്കുമാർ കുടിവെള്ളം ആവശ്യപ്പെട്ടെങ്കിലും പോലീസ് നല്കിയില്ലെന്ന ആരോപണം അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ആന്തരികാവയവ പരിശോധനാ റിപ്പോർട്ട്. മൃതദേഹ പരിശോധനയിൽ കണ്ണിനുചുറ്റും കരുവാളിച്ച പാടുകളും കണ്ടെത്തിയിരുന്നു. കൂടാതെ നെറ്റിയിൽ അടിയേറ്റ് മുഴച്ച പാടും കണ്ടെത്തി.
ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കാനും പോലീസ് ശ്രമം നടത്തി. രാജ്കുമാർ കസ്റ്റഡിയിൽ കഴിഞ്ഞ സമയത്തെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചെന്നാണ് സൂചന. കഴിഞ്ഞ 12നു കസ്റ്റഡിയിലെടുത്ത പ്രതി രാജ്കുമാറിന് പതിമൂന്നിന് സ്റ്റേഷൻ ജാമ്യം നല്കിയെന്നാണ് പോലീസ് സ്റ്റേഷനിലെ രേഖകളിലുള്ളത് .
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് വനിതാ പോലീസുകാരാണെന്നാണ് രേഖയിൽ പറയുന്നത്. ഇതും വ്യാജമാണെന്നാണ് സൂചന. ഇതിന്റെ മറവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ.