കടുത്തുരുത്തി: രണ്ടു വര്‍ഷമായി ദുബായിലെ തന്റെ മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ചിതാഭസ്മം നാട്ടിലെത്തിച്ചു മരിച്ചയാളുടെ മക്കളുടെ കരങ്ങളിലേക്കു നൽകുന്പോൾ പെരുവ സ്വദേശി സിജോ പോളിനു വലിയൊരു ദൗത്യം ചെയ്തു തീർക്കുന്നതിന്റെ ആശ്വാസം.
രണ്ടു വർഷമായി ആരുമറിയാതെ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന രാജ്കുമാർ തങ്കപ്പൻ എന്ന 44കാരന്റെ ചിതാഭസ്മമാണ് പ്രവാസിയായ സിജോ സാമൂഹ്യപ്രവർത്തക വഴി നാട്ടിലെത്തിച്ചു രാജ്കുമാറിന്റെ മക്കൾക്കു കൈമാറുന്നത്.
കരുതിയ സ്നേഹം
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹവുമായി ഇടപെടാൻ ബന്ധുക്കള്‍ പോലും ഭയപ്പെട്ടിരുന്ന സമയത്താണ് സിജോ പോള്‍, രാജ്കുമാറിന്റെ ചിതാഭസ്മം ആരെയും അറിയിക്കാതെ രണ്ടു വര്‍ഷം തന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചത്.
കോവിഡ് മുന്നണി പോരാളിയായ കോഴിക്കോട് മുഴിക്കല്‍ സ്വദേശിനി താഹിറ കല്ലുമുരിക്കല്‍ ഇന്നു രാവിലെ ചിതാഭസ്മം രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കു കൈമാറും.
നേരിട്ടു കണ്ടിട്ടില്ല
2020 മേയ് 13നാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി രാജ്കുമാര് തങ്കപ്പന് ദുബായിലെ അജ്മാനില്‍ ജോലി ചെയ്തു വരുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.
അതിനു കുറച്ചുനാള്‍ മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു. സിജോ പോളും രാജ്കുമാറും ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും രാജ്കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ദൗത്യം സിജോയ്ക്കു വന്നുചേർന്നു.
സിജോ മാവേലിക്കരയിലെയും രാജ്കുമാര് തമിഴ്നാട് കന്യാകുമാരിയിലും സിഎംഎസിന്റെ സ്ഥാപനങ്ങളില്‍ വ്യത്യസ്ത കാലത്തു വിദ്യാഭ്യാസം ചെയ്തിരുന്നവരാണ്.
ആ സ്ഥാപനത്തിന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് രാജ്കുമാര് മരിച്ച വിവരം സിജോ അറിയുന്നത്. രാജ്കുമാറിന്റെ മക്കള്‍ വാട്സാപ്പ് ഗ്രൂപ്പ് വഴി സിജോയോടു തങ്ങളുടെ പിതാവിന്റെ ചിതാഭസ്മം നാട്ടില്‍ എത്തിച്ചു തരണമെന്ന് അഭ്യർഥിച്ചിരുന്നു.
കടന്പകൾ പലത്
അല്‍ ഐനിലായിരുന്നു രാജ്കുമാറിന്റെ സംസ്കാരം നടന്നത്. തുടര്‍ന്ന് നാട്ടില്‍നിന്നു രേഖകള്‍ എത്തിച്ചാണ് സിജോ ചിതാഭസ്മം കൈപ്പറ്റിയത്. നേരിട്ടു നാട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല.
തുടർന്നു ഭാര്യ പോലും അറിയാതെയാണ് സിജോ ചിതാഭസ്മം തന്റെ ഫ്ളാറ്റില്‍ തുണികൊണ്ടു പൊതിഞ്ഞു ഇത്രകാലം സൂക്ഷിച്ചത്. കോവിഡിന്റെ അതിരൂക്ഷത കുറഞ്ഞപ്പോളാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകയായ താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ സന്നദ്ധയായി മുന്നോട്ടു വരികയായിരുന്നു.
താഹിറ അല്‍ഐന്‍ ആരോഗ്യവിഭാഗത്തില്‍ ഓഡിയോളജിസ്റ്റാണ്. ദുബായില്‍നിന്ന് എത്തിക്കുന്ന ചിതാഭസ്മം താഹിറ കാര്‍ മാര്‍ഗം കന്യാകുമാരിയിലെ രാജ്കുമാറിന്റെ വീട്ടിലെത്തിച്ചു മക്കള്‍ക്കു കൈമാറും.
ഏറെ കടമ്പകള്‍ താണ്ടിയാണ് ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുവാദം കിട്ടിയത്. 39കാരനായ സിജോ പോള്‍ ഞീഴൂര്‍ കാട്ടാംമ്പാക്ക് വിളയംകോട് വാലയില്‍ പത്രോസിന്റെയും ആലീസിന്റെയും മൂന്നാമത്തെ മകനാണ്.
12 വര്‍ഷമായി സിജോയുടെ കുടുംബം പെരുവയിലാണ് താമസം. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയായ ജാന്‍സിയാണ് സിജോയുടെ ഭാര്യ. ഏക മകള്‍: അഡോര്‍ണ സിജോ.