ഗാന്ധിനഗർ: പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേ മർദനമേറ്റു മരിച്ച രാജ്കുമാറിനെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ജൂണ്‍ 22നാണ് രാജ്കുമാറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. മിക്ക കേസുകൾക്കും ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കാറുള്ളതാണ്. കസ്റ്റഡി മരണമെന്ന പരാതിയുണ്ടായിട്ടും എന്തുകൊണ്ടാണ് രാജ്കുമാറിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതെന്ന സംശയം ഉയരുന്നു.
അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരോട് ഇന്ന് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാകുവാൻ ഉത്തരവ് നൽകിയിട്ടുള്ളതിനാൽ ഇവർ ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകും.
രാജ് കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയെന്ന പ്രചാരണം തെറ്റാണെന്നും പോസ്റ്റ്മോർട്ടം നടന്നപ്പോഴുള്ള വീഡിയോ ചിത്രീകരണത്തിന്റെ കോപ്പികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പീരുമേട് കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ജയിൽ വകുപ്പ് മേധാവി, ക്രൈംബ്രാഞ്ച് തുടങ്ങി മുഴുവൻ ഉത്തരവാദപ്പെട്ട അന്വേഷണ ഏജൻസികൾക്കും കൈമാറിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.