തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ റീ പോസ്റ്റ്മോർട്ടം ഇക്കു നടക്കും. വാഗമണ്‍ സെൻഞ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടത്തുക.
സംസ്കാരം നടത്തി 37-ാം ദിവസം ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് റീ പോസ്റ്റ്മോർട്ടത്തിനു നിർദേശം നൽകുകയായിരുന്നു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കുകയോ ചെയ്തിരുന്നില്ല.
വാരിയെല്ലുകൾക്കു പൊട്ടലുണ്ടാകാൻ കാരണം മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ നെഞ്ചിലമർത്തി സിപിആർ കൊടുത്തതിനെ തുടർന്നാണെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പോലീസ് മർദനത്തിലാണോ വാരിയെല്ലുകൾക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലിൽ രാജ് കുമാറിന് മർദനമേറ്റിട്ടുണ്ടോ എന്നുമാണു കമ്മീഷൻ റീ പോസ്റ്റ്മോർട്ടത്തിൽ പരിശോധിക്കുന്നത്.
റീ പോസ്റ്റ്മോർട്ടം അന്വേഷണത്തിൽ നിർണായകമാകുമെന്നു ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷൻ പരിശോധിക്കുമെന്നും ഇതിനായി ദൃശ്യങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.