തൊടുപുഴ: രാജ്കുമാറിനെ പോലീസ് അനധികൃതമായി കസ്റ്റഡിയിൽ വച്ചു മർദിച്ചതു മൂന്നു ദിവസം. കസ്റ്റഡി മരണത്തിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.
ജൂണ്‍ 12-ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് അതിക്രൂരമായി മർദിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു ക്രെംബ്രാഞ്ച് പറയുന്നു. കേസിലെ പ്രതികളായ പോലീസുകാർ സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്റ്റേഷൻ രേഖകൾ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയത്.
കേസിൽ നാലു പ്രതികളാണുള്ളത്. കേസിൽ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണു നടന്നിട്ടുള്ളത്. നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായ പോലീസുകാർ. മറ്റു രണ്ടു പ്രതികൾ കൂടിയുണ്ട്. ഇവരും പോലീസുകാരാണ്. കൊലക്കുറ്റമാണ് ഇരുവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 12-ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാൻസ് നടത്തിപ്പുകാരനുമായ രാജ്കുമാറിനെ നാലുദിവസം പോലീസ് കസ്റ്റഡിയിൽ മർദിച്ചതായി ഇരുവരും ക്രൈംബ്രാഞ്ചിനോടു കുറ്റസമ്മതം നടത്തി. പണം കണ്ടെത്തുന്നതിനായാണ് രാജ്കുമാറിനെ മർദിച്ചതെന്നാണ് പോലീസുദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോടു പറഞ്ഞത്.