തൃശൂർ: കോയന്പത്തൂരിൽനിന്നു മൂവാറ്റുപുഴയിലേക്കു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാജ്കുമാറിനെ(37) തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
പോലീസ് ചമഞ്ഞ് കുഴൽപ്പണം കവർച്ച ചെയ്യുന്നതിൽ സമർഥനായതിനാൽ കവർച്ച സംഘങ്ങൾക്കിടയിൽ ‘ഇൻസ്പെക്ടർ രാജ്കുമാർ’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്.
മാർച്ച് 22ന് പുലർച്ചെ കുട്ടനെല്ലൂരിലാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്കു കോയന്പത്തൂരിൽനിന്നു പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുട്ടനെല്ലൂരിൽ വച്ച് ‘ഇലക്ഷൻ അർജന്റ്’ ബോർഡ് ഘടിപ്പിച്ച വാഹനത്തിൽ വന്ന സംഘം തടഞ്ഞുനിർത്തി.
പോലീസാണെന്നും, ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ഡ്രൈവറെയും സഹായിയെയും ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയി.
കുറച്ചു ദൂരം പോയി തിരികെ ലോറിയുടെ അടുത്തെത്തിച്ച് ഇറക്കിവിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും കൂടി പരിശോധിച്ചപ്പോഴാണു ലോറിയിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർച്ച ചെയ്തതായി അറിഞ്ഞത്.
പിന്നീട് ഇവർ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കോയന്പത്തൂരിൽനിന്നു പച്ചക്കറിലോറിയിൽ കോടിക്കണക്കിനു രൂപ കടത്തുന്നുണ്ടെന്ന വിവരം പ്രതികൾക്കു ലഭിച്ചിരുന്നു. നിരവധി കവർച്ചക്കേസുകളിൽ പ്രതിയായ രാജ്കുമാറും കോഴിക്കോട് കൊടുവള്ളി സ്വദേശികളും കവർച്ചാവിദഗ്ധരുമായ മറ്റുചിലരും ചേർന്ന് പലതവണ ഗൂഢാലോചന നടത്തിയാണ്,
ലോറിയിൽ കടത്തുന്ന പണം കള്ളപ്പണമാണെന്ന നിഗമനത്തിൽ കവർച്ചയ്ക്കു പദ്ധതി തയാറാക്കിയത്. ഒരുതവണ ശ്രമിച്ചെങ്കിലും പണം കവർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനുശേഷം ഇവർ പദ്ധതി മാറ്റി, കാറിൽ ‘ഇലക്ഷൻ അർജന്റ്’ ബോർഡ് ഘടിപ്പിച്ചു വന്ന് കവർച്ച നടത്തുകയായിരുന്നു.