ന്യൂഡൽഹി: ബോളിവുഡിലെ പ്രമുഖ സംവിധായകൻ രാജ്കുമാര് ഹിരാനിയും മീടു വിവാദത്തിൽ. മുന്നാബായ് എംബിബിഎസ് സീരീസ്, പികെ, സഞ്ജു തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായ രാജ്കുമാർ പീഡിപ്പിച്ചതായി സഹപ്രവർത്തകയാണ് ആരോപണം ഉന്നയിച്ചത്.
സഞ്ജുവിന്റെ ചിത്രീകരണത്തിനിടയില്‍ ആറ് മാസത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച് രാജ്കുമാർ രംഗത്തെത്തിയിട്ടുണ്ട്.
സിനിമയുടെ നിര്‍മാതാക്കളായ വിധു വിനോദ് ചോപ്ര, ഭാര്യ അനുപമ ചോപ്ര, സഹോദരി ഷെല്ലി ചോപ്ര, തിരക്കഥാകൃത്ത് അബിജാത് ജോഷി എന്നിവര്‍ക്കെഴുതിയ മെയില്‍ സന്ദേശത്തിലാണ് രാജ്കുമാര് തന്നെ പീഡിപ്പിച്ചതായി യുവതി അറിയിച്ചത്. ആദ്യം ലൈംഗികമായ പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് പീഡനത്തിനിരയാക്കുകയുമായിരുന്നു.
തന്റെ ശരീരവും മനസും ഹൃദയവും അന്ന് മുതല്‍ ആറ് മാസം പീഡിക്കപ്പെട്ടു. ക്രൂര മാനസിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന സമയമായിരുന്നു അത്. ജോലിക്ക് പ്രശ്നം വരരുതെന്നത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഹഫ്പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.
അഭിഭാഷകൻ ആനന്ദ് ദേശായിയിലൂടെ ആരോപണങ്ങളെയെല്ലാം രാജ്കുമാര് ഹിരാനി നിഷേധിച്ചു. ഇരുവരും തമ്മില്‍ തൊഴില്‍പരമായ ആശയകൈമാറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇരുവര്‍ക്കിടയില്‍ നടത്തിയ ആശയ കൈമാറ്റത്തിന്റെ തെളിവുകള്‍ അഭിഭാഷകൻ ഹാജരാക്കുകയും ചെയ്തു.