നെടുങ്കണ്ടം: പീരുമേട് സബ് ജയിലിൽ മരിച്ച വായ്പാ തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ കസ്റ്റഡിയിലാകുന്ന ദിവസത്തിനു തലേന്നു എത്തിയ ഫോണ് കോളിൽ സാർ എന്നെ രക്ഷിക്കണം എന്നു പറഞ്ഞതായി ദൃക്സാക്ഷികൾ. സ്ഥാപനത്തിലെ ജീവനക്കാരിയായ ശാലിനിയും രാജ്കുമാറും സംസാരിക്കുന്നതിനിടയിൽ ഇനി അവരുടെ പേരു വെളിപ്പെടുത്തണമെന്നു ശാലിനി പറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു.
പീരുമേട്ടിലെ “ആൾ’ ആര്?
കട്ടപ്പന: ഹരിത ഫിനാൻസിന്റെ മറവിൽ രാജ്കുമാർ നടത്തിയ സാന്പത്തിക ക്രമക്കേടിൽ ജനപ്രതിനിധികൾക്കും നേതാക്കൾക്കും വ്യക്തമായ പങ്കുള്ളതായി സൂചന. ഇവർ പീരുമേട് മേഖലയിൽ നിന്നുള്ളവരാണെന്നാണ് വിവരം.
പീരുമേട്ടിലുള്ള ’ആൾ’ ഉള്ളപ്പോൾ തന്നെ ഒന്നുംചെയ്യാൻ കഴിയില്ലെന്നു രാജ്കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പിന്റെ ആസൂത്രണത്തിലും ഈ വ്യക്തിക്കു പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്.
പണം കുമളിയിൽ എത്തിച്ചു
നെടു ങ്കണ്ടം: ഹരിത ഫിനാൻസ് തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്ഥാപനത്തിലെ വനിതാ ജീവനക്കാരി. തട്ടിപ്പിൽ മുന്നൂറിലേറെ സ്വാശ്രയ സംഘങ്ങൾ ഇരയായെന്നും ഓരോ ദിവസവും പിരിച്ചെടുക്കുന്ന തുക വൈകുന്നേരങ്ങളിൽ കുമളിയിലെത്തിച്ചു രാജ്കുമാർ മറ്റാർക്കോ കൈമാറിയിരുന്നതായാണു വെളിപ്പെടുത്തൽ. സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്ന സുമ ദിലീപാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
തൂക്കുപാലം കേന്ദ്രീകരിച്ചു സ്ഥാപനം ഓഫീസ് തുറന്നതിനു ശേഷമാണ് മുന്നൂറോളം സംഘങ്ങളുടെ രേഖകൾ കൈകാര്യം ചെയ്തിരുന്നത്. രാജ്കുമാർ വാങ്ങിയ ആഡംബര വാഹനത്തിലാണ് ഹരിത ഫിനാൻസ് തട്ടിപ്പിലെ പണം കുമളിയിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയിരുന്നത്.
കേസിൽ അറസ്റ്റിലായ മഞ്ജുവിന്റെ ഭർത്താവ് അജിമോനാണ് പണം കൊണ്ടുപോയിരുന്ന വാഹനം ഓടിച്ചിരുന്നത്. ലോണ് കൊടുത്തുതുടങ്ങുന്നതിനുമുന്പ് ജീവനക്കാർ മലപ്പുറത്തു പരിശീലനത്തിനു പോകണമെന്ന് അറസ്റ്റിലായ ശാലിനി പറഞ്ഞിരുന്നതായും ഇവർ പറഞ്ഞു.
കേ സിൽ അജിമോനെ പോലീസ് പോലീസ് ചോദ്യം ചെയ്തിരുന്നതായി പറയുന്നുണ്ടെങ്കിലും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് സ്പെഷൽ ബ്രാഞ്ച് സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. 12-ന് രാവിലെ കാണാതായ രാജ്കുമാർ ഉപയോഗിച്ചിരുന്ന ആഡംബര വാഹനത്തെകുറിച്ചും അന്വേഷണം നടന്നുവരികയാണ്. ജീവനക്കാരിയുടെ വെളിപ്പെടുത്തലോടെ കുമളി, പീരുമേട് മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാന്പത്തിക മാഫിയയാണ് തട്ടിപ്പിനു പിന്നിലെന്ന ആരോപണവും ബലപ്പെടുകയാണ്.