നെടുങ്കണ്ടം: പീരുമേട് സബ്ജയിലിൽ കസ്തൂരിഭവനിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം എസ്ഐയായിരുന്ന കെ.എ. സാബു, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്റണി എന്നിവർ അറസ്റ്റിൽ. ക്രൈംബ്രാഞ്ചാണ് ബുധനാഴ്ച രാവിലെ ഇവരുവരെയും അറസ്റ്റു ചെയ്തത്. കസ്റ്റഡി മർദ്ദനത്തിനാണ് അറസ്റ്റ്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരിക്കെ രാജ്കുമാർ മരിച്ചത്.
രാജ്കുമാറിന് മർദമേറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകൾ കാണപ്പെട്ടിരുന്നു. കാൽവെള്ള തകർന്ന നിലയിലായിരുന്നു. ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു കാലുകളുടെയും തുടയിലെ പേശികൾ വിട്ടുമാറിയിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജീവ് ആന്റണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തതിരുന്നു. നെടുങ്കണ്ടം എച്ച്എസ്ഒ റെജി എം. കുന്നിപ്പറന്പിൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
രാജ്കുമാറിനെ പോലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കസ്റ്റഡിയില്‍ മര്‍ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല.
സ്റ്റേഷന് വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചു. മര്‍ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എന്നാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയതായും കണ്ടെത്തി.