തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാരെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. രണ്ടാം പ്രതി ശാലിനിയെ മർദിച്ച വനിതാ സിപിഒ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
ഇന്നലെ അറസ്റ്റു ചെയ്ത എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവർ ഉൾപ്പെടെ സംഭവവുമായി ബന്ധമുള്ള പോലീസുകാരെ നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാന്പ് ഓഫീസിൽ ചോദ്യം ചെയ്തിരുന്നു.
നിലവിൽ നേരത്തെ അറസ്റ്റിലായ എസ്ഐ കെ.എ.സാബു, സിപിഒ സജീവ് ആന്റണി എന്നിവരുൾപ്പെടെ നാലു പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒയ്ക്കും രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചു.
രാജ്കുമാറിൽ നിന്നു പണം കണ്ടെത്താനായി വാഗമണിലേക്കു പോലീസ് സംഘം പോയ വാഹനത്തിൽ ഇവരും ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനിടയിൽ തന്റെ രഹസ്യഭാഗങ്ങളിൽ മുളകരച്ചു തേച്ച് ഉപദ്രവിച്ചത് ഈ പോലീസുകാരിയാണെന്ന് രണ്ടാം പ്രതി ശാലിനി വെളിപ്പെടുത്തിയിരുന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സംഭവദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരെയും ഇതിനോടകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തട്ടിപ്പുകേസിലെ മൂന്നാം പ്രതി മഞ്ജുവിനേയും ഇന്നലെ ക്യാന്പ് ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു.
രണ്ടാം പ്രതിയായ ശാലിനിയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഏഴുപേരിൽ സസ്പെൻഷനിലായിരുന്ന സിപിഒ ശ്യാമിനെ വിട്ടയച്ചിരുന്നു. പലരുടെയും മൊഴികളിൽ വൈരുധ്യം കണ്ടതിനെ തുടർന്ന് ഓരോ പോലീസുകാരെയും മൂന്നും നാലും തവണയാണ് ചോദ്യം ചെയ്യുന്നത്.
മൊഴികളിൽ വ്യക്തത വരാത്തതുമൂലമാണ് അറസ്റ്റു വൈകുന്നത്. ഇന്നലെ അറസ്റ്റിലായ എഎസ്ഐ സി.ബി.റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മജിസ്ട്രേറ്റ് അവധിയായിരുന്നതിനാൽ കേസിലെ ഒന്നാം പ്രതി റിമാൻഡിൽ കഴിയുന്ന എസ്ഐ സാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് അപേക്ഷ നൽകാൻ കഴിഞ്ഞില്ല.