പീരുമേട്: രാജ്കുമാറിന്റെ കസ്റ്റഡിമരണം നടന്നിട്ട് പതിനഞ്ചുദിവസം പിന്നിടുന്പോൾ അഴിക്കുള്ളിലായത് രണ്ടുപേർ മാത്രം. പീരുമേട് സബ് ജയിലിലെ ഉദ്യോഗസ്ഥർ രാജ്കുമാറിനെ മർദിച്ചെന്നും അവശനായ ഇയാൾക്ക് ചികിൽസ നൽകിയില്ലെന്നുമുള്ള പരാതി നിലനിൽക്കുകയാണെങ്കിലും ആ പരാതിയിൽ ആരും പ്രതികളായിട്ടില്ല. പീരുമേട്ടിലെ ജയിൽ ഉദ്യോഗസ്ഥർ ആരോപണവിധേയരും അന്വേഷണം നേരിടുന്നവരുമായതിനാലാണ് അറസ്റ്റിലായ പ്രതികളെ ദേവികുളം ജയിലിലാക്കിയത്.
ജയിലിൽ മർദനം നടന്നതായുള്ള സഹതടവുകാരുടെ മൊഴികളും ചികിത്സ നല്കിയതായി ആശുപത്രി രേഖകൾ ഇല്ലാത്ത സാഹചര്യവും അവഗണിച്ചിരിക്കുകയാണ്. മരണംനടന്ന് 15 ദിവസം പിന്നിടുന്പോഴും ശരീരത്തിലേറ്റ മുറിവുകളുടെ പഴക്കത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ കുറ്റക്കാരെ കണ്ടെത്താനാകൂ എന്ന നിലപാടിലാണ് ജയിൽ ഉന്നതാധികാരികൾ. കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ആറു വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കി എന്നാണ് ഡിജിപിയും പ്രതികരിച്ചത്.
ജയിൽ ഹെഡ് വാർഡൻ മർദിച്ചതായി ദൃക്സാക്ഷിയായ സഹതടവുകാരൻ വെളുപ്പെടുത്തിയിരുന്നു. രാജ് കുമാറിന് നെടുങ്കണ്ടത്ത്് അനധികൃത കസ്റ്റഡിയിലും പീരുമേട്ടിൽ ജുഡീഷൽ കസ്റ്റഡിയിലും മർദനമേറ്റതായാണ് പരാതിയുള്ളത്.