തൊടുപുഴ: റിമാൻഡ് പ്രതി രാജ്കുമാറിന്റെ മരണത്തിനു പിന്നിൽ ഉന്നത ബന്ധങ്ങളെന്ന സംശയം ബലപ്പെടുന്നു. ഓരോ ദിവസം കഴിയുന്തോറും ഇത്തരം സംശയങ്ങൾ ബലപ്പെടുന്ന തരത്തിലാണ് കൂടുതൽ വെളിപ്പെലുത്തലുണ്ടാകുന്നത്. നാലു ദിവസം രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിനു പിന്നിൽ സാന്പത്തിക തട്ടിപ്പിന്റെ സൂത്രധാരൻമാരാണെന്നാണ് നിഗമനം.
രാഷ്ട്രീയ ബന്ധങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. രാജ്കുമാർ ഹരിത ഫൈനാൻസിൽ ലഭിച്ചിരുന്ന പണം കുമളിയിൽ എത്തി മറ്റാർക്കോ കൈമാറിയിരുന്നുവെന്ന വിവരം സ്ഥാപനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയതോടെ ഈ സംശയം ബലപ്പെട്ടു. ഇതോടെ തമിഴ്നാട്ടിലേക്ക് പണം കടത്തിയിരിക്കാമെന്നാണ് സംശയം.
എന്നാൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാജ്കുമാറിന്റെ മരണ കാരണമാണ് ഇപ്പോൾ അന്വേഷണ വിധേയമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ കഴിയുന്ന സ്ത്രീകളുടെയും മൊഴിയെടുത്തു. പോലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചന.
കേസിൽ ഒരു പ്രതിയായ മഞ്ചുവിന്റെ ഭർത്താവാണ് രാജ്കുമാർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നതെന്നാണ് സ്ഥാപന ജീവനക്കാരി വെളിപ്പെടുത്തിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തെങ്കിലും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇപ്പോൾ ഇയാൾ ഒളിവിലാണെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
ഹരിതാ ഫിനാൻസ് തട്ടിപ്പിൽ നൂറുകണക്കിന് സ്വാശ്രയ സംഘങ്ങൾ ഇരയായെന്നും ഇവരിൽ നിന്നും ഓരോ ദിവസവും പിരിച്ചെടുക്കുന്ന തുക വൈകുന്നേരങ്ങളിൽ കുമളിയിലെത്തിച്ച് രാജ്കുമാർ മറ്റാർക്കോ കൈമാറിയിരുന്നതായാണ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്ന സുമ ദിലീപ് വെളിപ്പെടുത്തിയത്.
തൂക്കുപാലം കേന്ദ്രീകരിച്ച് സ്ഥാപനം ഓഫീസ് തുറന്നതിനു ശേഷമാണ് മുന്നൂറോളം സംഘങ്ങളുടെ രേഖകൾ കൈകാര്യം ചെയ്തിരുന്നത്. ഓരോ ദിവസവും ലക്ഷങ്ങൾ സ്ഥാപനത്തിലേക്ക് എത്തിയിരുന്നതായാണ് സൂചന. ഈ പണം എവിടെയെന്ന ചോദ്യത്തിന് ഇതു വരെയും ഉത്തരം കണ്ടെത്താനായിട്ടില്ല.
രാജ്കുമാർ പണം ഉണ്ടെന്ന് പറഞ്ഞ ബാങ്ക് അക്കൗണ്ടുകളിലൊന്നും പണം കണ്ടെത്താനായിട്ടില്ല. ഇടിഞ്ഞു പൊളിഞ്ഞ രാജ്കുമാറിന്റെ വാഗമണിലെ വീട്ടിൽ കഴിയുന്ന ബന്ധുക്കൾക്കും പണത്തെക്കുറിച്ച് യാതൊന്നുമറിയില്ല. നഷ്ടപ്പെട്ടതിൽ രണ്ട് ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് പോലീസിന് കണ്ടെത്താനായത്. പിടിച്ചെടുത്ത തുകയെ സംബന്ധിച്ചും അവ്യക്തതയുണ്ട്.
സാന്പത്തിക തട്ടിപ്പിന് പിന്നിൽ പ്രധാനി രാജ്കുമാറല്ലെന്നും വൻ സംഘമുണ്ടെന്നും പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ ഇതിന് ഒത്താശ ചെയ്തതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് ആരംഭിച്ച ഹരിത ഫിനാൻസ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ മൂന്ന് കോടിയിലധികം രൂപ തട്ടിയെന്നാണ് ആരോപണം. പണം പിരിക്കാൻ ഉപയോഗിച്ചതാകട്ടെ പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവരെയും.
ഇതിനിടെ സബ് ജയിലിൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലും മുൻ കട്ടപ്പന ഡിവൈഎസ്പി പി.പി.ഷംസും കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. സംഭവത്തിൽ എസ്പിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യാപക ആരോപണമുയർന്ന പശ്ചാത്തലത്തിൽ വകുപ്പുതല നടപടി ഉടനുണ്ടായേക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് പ്രതി മരിച്ച ഉടനെ ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ളവരെ എസ്പി സ്ഥലം മാറ്റിയതെന്ന് സേനയ്ക്കുള്ളിൽ നിന്നുതന്നെ വിമർശമുയരുന്നുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഇക്കാര്യം എസ്പി അറിഞ്ഞിരുന്നതായി സ്പെഷൽബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നിർണായക കേസുകളിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം വരെ അനധികൃതമായി സൂക്ഷിക്കാറുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമായിരിക്കും. ഇത്തരത്തിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചാണ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ സാധാരണ പോലീസിന് കൈവശം വയ്ക്കാനുള്ള അനുമതി പരമാവധി 24 മണിക്കൂറാണ്.
എന്നാൽ ഇവിടെ നാലു ദിവസം കസ്റ്റഡിയിൽ ഒരു പ്രതി കഴിഞ്ഞ കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞില്ലായെന്ന വിരോധാഭാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേസിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരാതികളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ജോണ്സണ് ജോസഫ് പറഞ്ഞു. ഇതിൽ എസ്പിയുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമായി വരും.
കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. രണ്ട് ദിവസമായി സംഘം ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. ഇന്നലെ പീരുമേട് സബ് ജയിലിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ജയിലിലെ ഉദ്യോഗസ്ഥരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു. നേരത്തെ നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. ഇതിൽ കൃത്രിമം കാട്ടിയതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നെടുങ്കണ്ടത്ത് ക്യാന്പ് ഓഫീസ് തുറന്നു.