പരിയാരം(കണ്ണൂർ): പിലാത്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പ്രചാരണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രാജ്മോഹന്‍ ഉണ്ണിത്താനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രചാരണസാമഗ്രികളും വാഹനവും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴു സിപിഎം പ്രവര്‍ത്തകർക്കെതിരേയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ്റഹ്മാനെ മര്‍ദിക്കുകയും 45,000 രൂപ വിലവരുന്ന ഐ ഫോണ്‍ പിടിച്ചുവാങ്ങി കൊണ്ടുപോകുകയും ചെയ്തതിന് കണ്ടാലറിയാവുന്ന ഒരുസംഘം സിപിഎം പ്രവര്‍ത്തകർക്കെതിരേയുമാണ് കേസുകൾ.
രാജ്മോഹൻ ഉണ്ണിത്താനെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകരായ ശിവശങ്കരന്, സജേഷ്, അനീഷ് കുളപ്പുറം, ജയേഷ്, എ.വി.രവീന്ദ്രന്, എന്‍.വി.രവി, അശോകന് എന്നീ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസുകള്‍. മാധ്യമപ്രവർത്തകനെ മർദിക്കുകയും ഐ ഫോൺ തട്ടിയെടുക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. റീപോളിംഗുമായി ബന്ധപ്പെട്ട് പിലാത്തറയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രചാരണയോഗത്തിനിടെയായിരുന്നു സംഘർഷം. രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗം തുടങ്ങിയയുടൻ സിപിഎം പ്രവര്‍ത്തകര്‍ മൈക്ക് ബലമായി പിടിച്ചെടുക്കുകയും പ്രചാരണവാഹനമായ ഓട്ടോടാക്സി അടിച്ചുതകര്‍ക്കുകയുമായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് കാസര്‍ഗോഡ് ബ്യൂറോയിലെ കാമറമാൻ സുനിൽകുമാറിനെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു സംഘർഷം ഐഫോണില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസര്‍ഗോഡ് ജില്ലാ ലേഖകൻ മുജീബ് റഹ്മാനെ പോലീസ് നോക്കിനില്‍ക്കെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.