പരിയാരം (കണ്ണൂർ): റീപോളിംഗുമായി ബന്ധപ്പെട്ട് പിലാത്തറയിൽ സംഘടിപ്പിച്ച കാസർഗോഡ് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണയോഗത്തിനിടെ സംഘർഷം. ഉണ്ണിത്താൻ പ്രസംഗം തുടങ്ങിയയുടൻ സിപിഎം പ്രവര്‍ത്തകര്‍ മൈക്ക് ബലമായി പിടിച്ചെടുക്കുകയും പ്രചാരണവാഹനമായ ഓട്ടോ ടാക്സി അടിച്ചുതകര്‍ക്കുകയും ചെയ്തു.
രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് കാസര്‍ഗോഡ് ബ്യൂറോയിലെ കാമറമാൻ സുനിൽകുമാറിനെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു സംഘർഷം ഐഫോണില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസര്‍ഗോഡ് ജില്ലാ ലേഖകൻ മുജീബ് റഹ്മാനെ പോലീസ് നോക്കിനില്‍ക്കെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.
പുതിയങ്ങാടിയില്‍ റോഡ്ഷോയില്‍ പങ്കെടുത്തശേഷമാണ് ഉണ്ണിത്താന് പിലാത്തറയില്‍ പൊതുയോഗത്തിന് എത്തിയത്. നാലുമുതല്‍ ആറുവരെ ഇവിടെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിന് ഡിവൈഎസ്പിയുടെ അനുമതി വാങ്ങിയിരുന്നതായി ഉണ്ണിത്താന് പറഞ്ഞു. പിലാത്തറ ബസ്സ്റ്റാൻഡിനു മുന്നിലെ ഖാദിഭവന്‍ സമീപത്തുവച്ച് അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകരെത്തി പൊതുയോഗം നിര്‍ത്താനാവശ്യപ്പെട്ടത്.
ഇവിടെനിന്ന് കുറച്ചകലെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. പ്രസംഗം നിര്‍ത്താന്‍ തയാറാകാതിരുന്ന ഉണ്ണിത്താന്റെ കൈയില്‍നിന്ന് മൈക്ക് ബലംപ്രയോഗിച്ചു വാങ്ങാനുള്ള ശ്രമം നടക്കാതെ വന്നതോടെ ആംപ്ലിഫയറില്‍നിന്ന് മൈക്കിന്റെ കണക്ഷന് വലിച്ചുപൊട്ടിച്ചു. ഇതു ചിത്രീകരിച്ചപ്പോഴാണ് ഏഷ്യാനെറ്റ് കാമറാമാനെ കൈയേറ്റം ചെയ്തത്.
സ്ഥലത്തുണ്ടായിരുന്ന പരിയാരം എസ്ഐ ഉണ്ണിത്താനെയും കൂട്ടി ഉടന്‍ സ്ഥലംവിടാനാണ് ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. നാളെ നടക്കുന്ന റീപോളിംഗില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ വരാതിരിക്കാന്‍ മനഃപൂർവം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കുനേരെയുണ്ടായ കൈയേറ്റമെന്നും ഉണ്ണിത്താന് പറഞ്ഞു. സംഭവത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനും ഏഷ്യാനെറ്റ് ലേഖകൻ മുജീബ് റഹ്മാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ചെറുതാഴത്തെ വരുണ്‍ കൃഷ്ണനും പരിക്കേറ്റു.
മുജീബ് റഹ്മാന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. പരിക്കേറ്റ രാജ്മോഹന്‍ ഉണ്ണിത്താനെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5.30 ഓടെ ഖാദി സ്റ്റോര്‍ പരിസരത്ത് സിഎംപി നേതാവ് സുധീഷ് കടന്നപ്പള്ളി പ്രസംഗം തുടങ്ങിയിരുന്നു. ഈസമയത്ത് മാതമംഗലം റോഡില്‍ എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുധീഷിന്റെ പ്രസംഗം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് എത്തുകയും മൈക്ക് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഈസമയത്ത് സംഘടിച്ചെത്തിയ ഒരു സംഘം മൈക്ക് പിടിച്ചുവാങ്ങുകയും പോലീസ് അനുമതിയില്ലാത്തതിനാല്‍ ഉണ്ണിത്താനെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നു പറയുകയും ചെയ്യുകയായിരുന്നു.
സംഘര്‍ഷവിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി എം. കൃഷ്ണന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സ്ഥിതി ഗതികൾ ശാന്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പിലാത്തറയില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വിവരമറിഞ്ഞ് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയും സ്ഥലത്തെത്തിയിരുന്നു.