പഴയങ്ങാടി: കാസർഗോഡ് എംപിക്കെതിരെ ചെറുകുന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വാർത്ത സമ്മേളനം വിവാദമാകുന്നു. കനത്ത മഴയിൽ ചെറുകുന്നിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്നു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിച്ചിരുന്നു.
പള്ളിക്കരയിലെ എഡിഎൽപി സ്കൂളിലെ ക്യാന്പ് രാജ് മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിക്കുകയും ക്യാന്പ് അംഗങ്ങളിൽ നിന്നു പരാതി സ്വീകരിക്കുകയും ചെയ്തിരുന്നു. ക്യാന്പ് പിരിച്ചുവിടുന്ന സമയത്ത് ദുരിതബാധിതർക്കു നൽകേണ്ട കിറ്റുകളും മറ്റു സാധനങ്ങളും ക്യാന്പ് നടത്തിപ്പുകാർ അടിച്ചു മാറ്റാൻ ശ്രമിച്ചതായി പരാതി ഉണ്ടായിരുന്നു. ഇക്കാര്യം ഉണ്ണിത്താൻ വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നു കാണിച്ചു ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസൻ കുഞ്ഞി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരോടൊപ്പം ചേർന്നു ചെറുകുന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൽ. ബേബി വാർത്ത സമ്മേളനം നടത്തിയതാണു പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്.
ഇതു കല്യാശേരി മണ്ഡല കോൺഗ്രസ് പ്രവർത്തകരിൽ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. വൈകുന്നേരം നാലോടെ പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്കൂളിലേക്കു വരുന്ന വഴിയിൽ ക്യാന്പ് പിരിച്ചുവിട്ടെന്നു പറഞ്ഞ് ഉണ്ണിത്താനെ തിരിച്ചയച്ചതായും മണ്ഡലം പ്രസിഡന്റിനെതിരേ ആരോപണവുമുണ്ട്.