പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയപ്പെടുന്നത്. മോദി മനസില്‍ കാണുന്നത് നിമിഷങ്ങള്‍ക്കകം നടപ്പാക്കാന്‍ ശേഷിയുള്ള ശക്തനായ നേതാവ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ രാജ്‌നാഥ് സിംഗിന്റെ മികവ് ഉയര്‍ത്തുന്നതായിരുന്നു സാര്‍ക് സമ്മേളനത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം.
പാക്കിസ്ഥാന്‍ മണ്ണിലെത്തി പാക് സര്‍ക്കാരിനെ പുകഴ്ത്തുന്ന മുന്‍മന്ത്രിമാരുടെ പതിവുശൈലികള്‍ രാജ്‌നാഥ് ആവര്‍ത്തിച്ചില്ല. മറിച്ച്, ഭീകരതയെ വളര്‍ത്തുന്ന പാക് നയങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം. നല്ല ഭീകരരും ചീത്ത ഭീകരരും എന്നൊന്നില്ലെന്നും എല്ലാത്തരം ഭീകരതയും ലോകത്തിന് ഭീഷണിയാണെന്നും സംശയലേശമില്ലാതെ അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് ബന്ധം മോശം നിലയില്‍ നില്‍ക്കേ പാക്കിസ്ഥാനിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. രാജ്‌നാഥിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും അവര്‍ നല്കി. എന്നാല്‍, പാക്കിസ്ഥാനിലേക്ക് പോകാന്‍ തന്നെയായിരുന്നു മന്ത്രിയുടെ തീരുമാനം. സ്വന്തം മണ്ണിലെത്തി പാക്കിസ്ഥാനെ വിമര്‍ശിച്ച രാജ്‌നാഥിന്റെ ധൈര്യത്തെ പാക് മാധ്യമങ്ങള്‍പോലും പ്രശംസിച്ചു. പാക് നേതാക്കള്‍ രാജ്‌നാഥിനെ കണ്ടുപഠിക്കണമെന്നാണ് മാധ്യമങ്ങളുടെ ഉപദേശം.