ഗുരുവായൂർ; ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ റെയിൽവെ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂർ-തിരുനാവായ റെയിൽപാത നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുരുവായൂർ ദേവസ്വം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനം പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ക്ഷേത്ര വികസനത്തിന് ഭക്തരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ ലൈസൻസ് അനുവദിക്കാമെന്ന ഉറപ്പും മന്ത്രി നൽകി. ഇക്കാര്യം തീരുമാനിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസാണെന്നും അത് ഉടനെ നടപ്പിലാക്കാമെന്നും മന്ത്രി അറിയിച്ചു.
ചന്ദനം അരക്കുന്നതിനുള്ള ചാണക്കല്ല് ലഭ്യമാക്കുന്നതിന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രാലയങ്ങളിലെ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.