പാക്കിസ്ഥാനില്‍നിന്ന് ഒരു വെടിയുണ്ട ഇന്ത്യയിലേക്ക് ഉതിര്‍ത്താല്‍ നമ്മുടെ സൈന്യം എണ്ണമറ്റ വെടിയുണ്ടകളുമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പ് സംസ്ഥാനമായ ത്രിപുരയിലെ അഗര്‍ത്തലയില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാക്കിസ്ഥാനുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മറിച്ചായാല്‍ വെടിയുണ്ടകളെയാവും നേരിടേണ്ടി വരികയെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്കുന്നു.
പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ഉതിര്‍ക്കുന്ന ഓരോ വെടിയുണ്ടകള്‍ക്കും നിയന്ത്രണമില്ലാതെ തിരിച്ചടിക്കാന്‍ ഞാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ആഗഹിക്കുന്നില്ല. അയല്‍രാജ്യങ്ങളുമായി സമാധാനത്തിലും സൗഹൃദത്തിലും കഴിയാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ജമ്മു കാഷ്മീരിനെ തകര്‍ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇതിനായി ഇന്ത്യന്‍ മണ്ണിലും സൈന്യത്തിനുനേരെയും അവര്‍ ആക്രമണം നടത്തുന്നു- രാജ്നാഥ് സിംഗ് പറഞ്ഞു.
ത്രിപുരയില്‍ 25 വര്‍ഷമായി ഭരണം തുടരുന്ന സിപിഎമ്മിനെയും ആഭ്യന്തരമന്ത്രി വിമര്‍ശിച്ചു. സിപിഎം ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വികസനത്തിന്റെ കണികപോലും കാണാന്‍ കഴിയുന്നില്ലെന്നും ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ യഥാര്‍ഥ വികസനമെന്ത് എന്നു കാണിച്ചുതരാമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.