കേക്ക് മുറിച്ചുള്ള ആഘോഷങ്ങള്‍ ഹിന്ദുക്കള്‍ക്ക് പറ്റിയതല്ലെന്ന് കേന്ദ്രമന്ത്രി. പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കില്ലെന്ന് ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഈ സംസ്‌കാരം ഇന്ത്യക്കാരുടേതല്ല. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ പാശ്ചാത്യ സംസ്‌കാരം തുടരുകയാണ്. അതിന് പാടില്ല. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനു പകരം പിറന്നാള്‍ ദിവസം ചെലവഴിക്കേണ്ടത് അമ്പലത്തില്‍ പ്രാര്‍ത്ഥനയിലാണ്. ബിഹാറിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം ഗ്രാമങ്ങളില്‍ പോലും കടന്നു വന്നു. ഇതോടെ ഇന്ത്യന്‍ സംസ്‌കാരത്തിന് ഇടിവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മാതാപിതാക്കളെ പപ്പ, മമ്മി എന്നാണ് വിളിക്കുന്നത്. ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന വിളിയാണിത്. ഇതിനൊക്കെ എതിരെ ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയമായിരിക്കുന്നു. രാജ്യത്തെ മുസ്ലീം ജനസംഖ്യ 21 കോടി കവിഞ്ഞു അതിനാല്‍ അവരെ ഇനി ന്യൂനപക്ഷമായി കണക്കാക്കി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മന്ത്രി പറഞ്ഞു.