ഗുരുവായൂര്‍: യെമനില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട മലയാളി പുരോഹിതന്‍ ഫാ.ടോം ഉഴുന്നാലില്‍ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അറിയില്ല. ഫാ.ടോം ഉഴുന്നാലില്‍ ആരാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഫാ.ടോം ഉഴുന്നാലില്‍ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ചോദിച്ചത്.
യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലെന്ന് മാധ്യമപ്രവര്‍ത്തര്‍ പറയുകയും പിന്നീട് തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്രആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാല്‍ അന്വേഷിക്കാമെന്ന് രാജ്‌നാഥ് സിംഗ് മറുപടി പറഞ്ഞു.
ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ടെന്ന് സുഷമസ്വരാജ് അടക്കമുള്ള പല നേതാക്കളും പറയുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചത്. അമ്പതു ദിവസം കഴിയുന്ന മുറയ്ക്ക് അച്ഛാദിന്‍ വരുമോ എന്ന ചോദ്യത്തിന് വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മറുപടി പറഞ്ഞു.