ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ മകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകൾ എവിടെയും പറഞ്ഞിട്ടില്ല. അച്ഛന് ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള് അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്ന് താരം പറഞ്ഞു.
ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ…
സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് അത്യധികം വേദനയുണ്ടാക്കുന്നു. ‘പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും കാണിച്ചു തരാറുണ്ട്.
അതെല്ലാം കാണുന്പോൾ ദേഷ്യമാണ് വരുന്നത്. സമീപകാലത്തായി ചിലർ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, എന്താണ് അതിന്റെ അർഥമെന്ന് അറിയില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് ചിലരോട് ചോദിച്ചപ്പോൾ പറഞ്ഞുതന്നു. രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലെയൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’ എന്നാണ് ഐശ്വര്യ രജനികാന്ത് പറഞ്ഞത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ട് വിഷ്ണു വിശാലും, വിക്രാന്തും നായക വേഷത്തിലെത്തുന്ന ലാൽസലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട്.