സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയപാര്‍ട്ടിയ്ക്കു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് നവംബറില്‍ അവസാനമാകുമെന്ന് സൂചന. നവംബറോടെ രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരിലൊരാളും ഗാന്ധി മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയന്‍ അറിയിച്ചു.
തമിഴ് ദ്വൈവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മണിയന്‍ ഇക്കാര്യം അറിയിച്ചത്.കമല്‍ ഹാസനും രജനീകാന്തും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രണ്ടു ശൈലിയുടെ ഉടമകളാണ്. കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഏറെ മുന്നോട്ടുപോയി. എന്നാല്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്‍പു താഴെ തട്ടില്‍ പ്രവര്‍ത്തകരെ ഒരുമിച്ചു നിര്‍ത്താനാണു രജനീകാന്തിന്റെ ശ്രമം.
പാര്‍ട്ടി ശക്തിപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി സജ്ജമാകുമെന്നു മണിയന്‍ പറഞ്ഞു.
മറ്റു പാര്‍ട്ടികളുമായി രജനീകാന്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡിഎംകെ രൂപീകരിച്ചതു മുതല്‍ അവര്‍ ഒറ്റയ്ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. അണ്ണാഡിഎംകെയുടെ അവസ്ഥയും ഇതു തന്നെ. ഈ സാഹചര്യത്തില്‍ രജനീകാന്ത് ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.
പ്രതിഷേധങ്ങള്‍ക്കു രജനീകാന്ത് എതിരല്ലെന്നും പ്രകൃതി നശിപ്പിച്ചുള്ള വികസനത്തെ ഒരിക്കലും അദ്ദേഹം അനുകൂലിക്കില്ലെന്നും മണിയന്‍ പറഞ്ഞു. എന്തായാലും സിനിമയിലെപ്പോലെ രാഷ്ട്രീയത്തിലും സ്‌റ്റൈല്‍ മന്നന്‍ വിജയം കാണുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു…