മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ മയക്കുമരുന്നു മാഫിയ ബന്ധം മറനീക്കി പുറത്തുവരുന്നു.
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രമുഖ നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ ഇന്നലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.
ദീപികയെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണു വിട്ടയച്ചത്. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യംചെയ്യൽ.
2017ൽ വാട്സാപ്പിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കരിഷ്മയുമായി താൻ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ദീപിക സമ്മതിച്ചു. കരിഷ്മയെ തുടർച്ചയായ രണ്ടുദിവസമാണ് ചോദ്യംചെയ്തത്.
സുശാന്ത് സിംഗിനൊപ്പം ആഘോഷ പാർട്ടിയിൽ താൻ പങ്കെടുത്തിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണു ശ്രദ്ധ കപൂർ നല്കിയ മൊഴി. ചിച്ചോരെ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.
കേദാർനാഥ് എന്ന സിനിമയ്ക്കുവേണ്ടിയാണു സുശാന്തും സാറയും ഒരുമിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുശാന്ത് ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചതെന്നു നടി റിയ ചക്രവർത്തി ബോംബെ ഹൈക്കോടതിയിൽ നല്കിയ ജാമ്യഹർജിയിലുണ്ട്.
ഇന്നലെ രാവിലെ 9.50നാണ് സൗത്ത് മുംബൈയിലെ കൊളാബയിലുള്ള എൻസിബി ഗസ്റ്റ് ഹൗസിൽ ദീപിക എത്തിയത്. 3.50ന് മടങ്ങി. ശ്രദ്ധ കപൂർ, സാറാ എന്നിവരെ ബലാർഡ് എസ്റ്റേറ്റിലുള്ള ഓഫീസിലാണ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്.
ശ്രദ്ധ ഉച്ചയ്ക്ക് 12നും സാറ ഒരുമണിക്കുമാണ് ചോദ്യംചെയ്യലിനു ഹാജരായത്. ദീപിക പദുക്കോണിന്റെ ഭർത്താവ് രൺവീർ സിംഗിനെയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഫിലിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിതിജ് പ്രസാദിനെ 24 മണിക്കൂർ ചോദ്യംചെയ്തതിനുശേഷം ഇന്നലെ എൻസിബി അറസ്റ്റ് ചെയ്തു.
ജൂലൈ 14ന് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മൂന്നുമാസത്തിനു ശേഷം സുശാന്തിന്റെ കാമുകികൂടിയായിരുന്ന റിയ ചക്രവർത്തിയെ ചോദ്യം ചെയ്തതോടെയാണ് ബോളിവുഡിലെ മയക്കുമരുന്നു മാഫിയ ബന്ധം പുറത്തായത്. തുടർന്ന് റിയയും സഹോദരൻ ഷോവിക്കും അറസ്റ്റിലായി.
അറസ്റ്റിലാകുന്നതിനുമുന്പ് സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകൾ റിയ പറഞ്ഞിരുന്നു. റിയയുടെയും ഷോവിക്കിന്റെയും കസ്റ്റഡി കാലാവധി ഒക്ടോബർ ആറുവരെ നീട്ടിയിട്ടുണ്ട്.
മയക്കുവിതരണത്തിനായി പാർട്ടികൾ സംഘടിപ്പിച്ചും വൻ ഓഫറുകൾ നല്കിയും പ്രമുഖരെത്തന്നെ മാഫിയ വിലയ്ക്കെടുത്തിരുന്നുവെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികൾ.
അതിനിടെ, ചോദ്യംചെയ്യലിനു ഹാജരാകുന്ന താരങ്ങളുടെ വാഹനങ്ങൾ പിന്തുടരുതെന്ന് മാധ്യമപ്രവർത്തകരോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സംഗ്രംസിംഗ് നിഷാന്താർ നിർദേശി ച്ചു.
ഇത് അവരുടെ ജീവനുതന്നെ അപകടമാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും കമ്മീഷണർ പറഞ്ഞു.