പത്തനംതിട്ട: റാന്നി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ആറാംതവണ മത്സരിക്കാന്‍ രാജു ഏബ്രഹാമിനു സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി നല്‍കുമെന്ന് സൂചന.
ജയസാധ്യത പരിഗണിച്ച് രാജുവിനെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കാനാണ് സാധ്യത. ഇത്തരത്തില്‍ ഇളവു നല്‍കേണ്ടവരുടെ പട്ടിക സിപിഎം തയാറാക്കിയിട്ടുണ്ട്.
ഇതിനിടെ റാന്നി മണ്ഡലം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജില്ലാ ഘടകം സമ്മര്‍ദം തുടരുകയാണ്. പാര്‍ട്ടിക്ക് ജില്ലയില്‍ ഒരു മണ്ഡലം അവകാശപ്പെട്ടതാണെന്നും അവഗണനയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു പറഞ്ഞു.
കേരള കോണ്‍ഗ്രസ് -എമ്മുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല. സിപിഎം റാന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനമെടുക്കാത്തതും കേരള കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നുണ്ട്.
ചിറ്റയത്തിന്റെ സീറ്റ്:ജില്ലാ ഘടകം തീരുമാനംനിര്ണായകം
പത്തനംതിട്ട: സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സമിതി യോഗം ചേര്‍ന്നെങ്കിലും ജില്ലാ ഘടകങ്ങളുടെ തീരുമാനങ്ങള്‍കൂടി ചര്‍ച്ച ചെയ്യാന്‍ തീരുമാനം. ജില്ലാ ഘടകങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ രണ്ടുദിവസത്തിനകം സ്വീകരിക്കും.
സിപിഐ മത്സരിക്കുന്ന അടൂരില്‍ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാറിനു ഒരു അവസരം കൂടി നല്‍കണമോയെന്ന വിഷയം ജില്ലാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഇതു സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സമിതിക്കു നല്‍കും. മറ്റു പേരുകള്‍ ഉണ്ടെങ്കില്‍ അവകൂടി ചേര്‍ത്ത പട്ടികയായിരിക്കും നല്‍കുക.
അടൂര്‍ മണ്ഡലം ജില്ലയ്ക്കു പുറത്തുനിന്നൊരാള്‍ക്ക് നല്കുകയാണെങ്കില് പത്തനംതിട്ട ജില്ലക്കാരനായ ഒരാളെ സിപിഐയുടെ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ജില്ലാ ഘടകത്തിനുണ്ട്.