ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം എട്ടു വർഷം മുമ്പ് ഒളിവിൽപോയ പ്രതി ആശുപത്രിയിൽ മരിച്ചു. ഡൽഹി സ്വദേശി രാജു ഗലോട്ടാണ് മരിച്ചത്. പങ്കാളി നീതു സോളങ്കിയെ ന്യൂഡൽഹി റെയിൽവെ സ്റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. 2011 ൽ ആയിരുന്നു സംഭവം.
പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കരൾ രോഗബാധിതനായ ഇയാൾ കള്ളപ്പേരിൽ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ബുധനാഴ്ച രോഗം മൂർഛിച്ച് ഇയാൾ മരണത്തിനു കീഴടങ്ങി. ഗലോട്ടിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിക്കുകയും കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2011 ഫെബ്രുവരി 11 ന് ആണ് നീതുവിന്റെ മൃതദേഹം എയർ ബാഗിനുള്ളിൽ ന്യൂഡൽഹി റെയിൽവെ സ്റ്റേഷനു സമീപത്തുനിന്നും കണ്ടെത്തിയത്. ഫെബ്രുവരി 23 വരെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
നീതു ഒരു സ്വകാര്യ എയർലൈനിലെ ജീവനക്കാരിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബന്ധു നവീൻ ഷോകീനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ഗലോട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നവീനായിരുന്നു നീതുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാൻ സഹായിച്ചത്.