സി.സി.സോമൻ
കോട്ടയം: പ്രളയകാലത്ത് മീനച്ചിലാറ്റിലെ അപകടകരമായ ഒഴുക്കിനെ കീറിമുറിച്ച് നിരവധി പേരെ കടത്തുവള്ളത്തിൽ കരയ്ക്കെത്തിച്ച രാജു സ്വന്തം ജീവൻ പോലും നോക്കാതെയാണ് പ്രവർത്തിച്ചത്.ശക്തമായ ഒഴുക്കിൽ പലരും സ്വന്തം വള്ളം പോലും ഇറക്കാൻ മടിച്ചപ്പോൾ ഏതു സമയത്തു വിളിച്ചാലും വള്ളവുമായി വന്ന് ധൈര്യസമേതം നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി ഇടയ്ക്കാട്ടുപള്ളി കടവിലെ രാജു എന്ന കടത്തുവള്ളക്കാരൻ.
അയ്മനം പഞ്ചായത്തിനെയും കോട്ടയം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളിക്കടവിലെ കടത്തുകാരനാണ് രാജു. മര്യാതുരുത്ത് ഭാഗത്തെ മുഴുവൻ വീടുകളും പ്രളയത്തിൽ മുങ്ങി. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറാൻ തീരുമാനിച്ചെങ്കിലും എങ്ങനെ പോകും എന്ന ചിന്തയായിരുന്നു പലർക്കും.
വാരിശേരിയിലേക്ക് പോകാൻ ഒരു കിലോമീറ്റർ വെള്ളത്തിലൂടെ നീന്തണം. റോഡിൽ കഴുത്തറ്റം വെള്ളം. പലയിടത്തും ഒന്നരയാൾ താഴ്ച. അപകടകരമായ അവസ്ഥയിൽ നടന്നു പോകാനാവില്ല. പിന്നെയുള്ള വഴി ഇടയ്ക്കാട്ടുപള്ളി കടവ് വഴി മാത്രം. മീനച്ചിലാറ്റിലെ അതിശക്തമായ ഒഴുക്കു മൂലം ആരും വള്ളമിറക്കുന്നില്ല. എന്നാൽ കടത്തുകാരൻ രാജു അപ്പോഴും കർമ നിരതനായിരുന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീടുകളിലേക്ക് പോയവരെയെല്ലാം രാജുവാണ് ആറ് കടത്തിയത്.
ആറ്റിൽ ഒഴുക്കു ശക്തമായതിനാൽ ആറു പേർ കയറുന്ന വള്ളത്തിൽ നാലുപേരെ മാത്രമേ കയറ്റിയുള്ളു. ആദ്യം വള്ളം ആറിന്റെ സൈഡിലൂടെ കൂറെ ദൂരം മുന്നോട്ട് തുഴയും. പിന്നീടാണ് മറുകരയ്ക്ക് തുഴയുന്നത്. എങ്കിലേ ഒഴുക്കിൽ അകപ്പെടാതെ അക്കരെ എത്താൻ കഴിയു. ഒഴുക്കിൽ വള്ളം അകപ്പെട്ടാൽ വലിയ അപകടത്തിന് സാധ്യതയുമുണ്ട്. വെള്ളം കയറിയ വീടുകളുടെ അടുക്കള വാതിലിൽ വരെ വള്ളമെത്തിച്ച് ആളുകളെ കയറ്റിയാണ് കരയിൽ എത്തിച്ചത്.
വീട്ടിൽ കുടുങ്ങിയ മെഡിക്കൽ കോളജിലെ ഡോക്ടർ ടിജി ജേക്കബ് തോമസിനെ കരയ്ക്കെത്തിച്ചത് രാജുവാണ്. നിരവധി രോഗികളെയും രക്ഷപ്പെടുത്തി. ഒരു ദിവസം കടവിൽ നിന്ന് വാരിശേരിയിലേക്കുള്ള റോഡിലൂടെ പോകുന്പോൾ വള്ളം മറിയാൻ ശ്രമിച്ചു. ഉടൻ രാജു പുറത്തുചാടി വള്ളം മുങ്ങാതെ രക്ഷപ്പെടുത്തി.
കടവിനു സമീപത്തെ ഒരു വീട്ടുകാർക്ക് സ്വന്തമായി വള്ളമുണ്ട്. പക്ഷേ ആറ്റിലെ ഒഴുക്കു കണ്ടപ്പോൾ വള്ളമിറക്കാൻ പേടി. അവരെയും രാജുവാണ് മറുകര എത്തിച്ചത്. 25 വർഷം മുൻപ് നാട്ടുകാർ നടപ്പാലം നിർമിക്കാൻ സ്ഥാപിച്ച കോണ്ക്രീറ്റ് കുറ്റികൾ കടത്തുവള്ളത്തിന് വലിയൊരു ഭീഷണിയാണ്. തൂണിൽ വള്ളം ഇടിക്കാൻ സാധ്യതയുള്ളതിനാൽ ഏറ്റവും സൂക്ഷ്മതയോടെ മാത്രമേ വള്ളം അടുപ്പിക്കാൻ കഴിയു.
മര്യാതുരുത്ത് വെട്ടിക്കാട്ട് വീട്ടിൽ രാജു നാലു വർഷമായി കടത്തു വള്ളത്തിൽ ജോലിക്കെത്തിയിട്ട്. അയ്മനം പഞ്ചായത്താണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് രാവും പകലും കടത്തു പണിയിലായിരുന്നു രാജു. വീട്ടിൽ വെള്ളം കയറിയതിനാൽ അവിടേക്ക് പോകാനാവില്ല. ഈ ദിവസങ്ങളിൽ സമീപത്തെ പള്ളിയിലും ചില വീടുകളുടെ മുകളിലത്തെ നിലയിലുമായി കഴിഞ്ഞു.