കൊച്ചി: അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെന്നു പേരെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികയിലുള്ള തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജുനാരായണ സ്വാമി.
അഴിമതിക്കാരെ രക്ഷിക്കാനാണ് ഈ നീക്കമെന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു. അമ്പത് വയസായ അഴിമതിക്കാരായ ഐഎഎസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജു നാരായണ സ്വാമിക്കെതിരായ നീക്കം. എന്നാല്‍ രാജു നാരായണ സ്വാമിക്കെതിരെ വിജിലന്‍സ് കേസോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. മോശം പ്രകടനവും ആരോപിക്കുന്നില്ല. എന്നിട്ടും രാജു നാരായണ സ്വാമിയെ ക്രൂശിക്കാനാണ് നീക്കം.
”മൂന്നാര്‍ മുതല്‍ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗോഡ് ഫാദര്‍മാരുള്ളവര്‍ക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരേ നിലപാടെടുക്കുന്നവരുടെ ജീവിത മാര്‍ഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടി കൊണ്ട പൊലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഉണ്ടാകും”, രാജു നാരായണ സ്വാമി പറയുന്നു.
ഇത് അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ഉദ്യോഗസ്ഥരാണ് തനിക്കെതിരേ നടപടി എടുത്തിരിക്കുന്നത്. അഴിമതിക്കെതിരെ നടപടി എടുക്കുന്നവരെ തകര്‍ക്കും. അതാണ് സംഭവിക്കുന്നത്. നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരേയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വ്വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും പറയുന്നു. ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തും പുറത്തു വിട്ടു.
28 വര്‍ഷമായി അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണ് ഇതെന്ന് പറഞ്ഞ രാജു നാരായണസ്വാമി വികാരാധീനനായാണ് പ്രതികരിച്ചത്. നാളികേര വികസന ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇതെന്നും വന്‍ അഴിമതിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. നാളികേര വികസന ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷം തികയുന്നതിന് തസ്തികയില്‍ നിന്ന് നീക്കം ചെയ്യുന്നുവെങ്കില്‍ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുന്‍കൂര്‍ അറിയിപ്പ് നല്‍കണം, രാജു നാരായണ സ്വാമിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. ഇതേ തുടര്‍ന്നാണ് നാരായണ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്.
ആയിരക്കണക്കിന് അഴിമതികളില്‍ നിന്ന് മുകള്‍ തട്ടിലുള്ളവയാണ് കണ്ടെത്തിയതെന്ന് പറഞ്ഞ നാരായണ സ്വാമി, താന്‍ തിരിച്ചെത്തിയാല്‍ ഇതിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തുമെന്നതിനാലാണ് തനിക്കെതിരേ ഇത്തരത്തില്‍ നടപടിയുണ്ടായത് എന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനറിയാമെന്നും ഇത് സംബന്ധിച്ച് ഒരു മെമോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു. രാജു നാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കിയതായി റിപ്പോര്‍ട്ട്.
സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി. കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു.
സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്. ഇതെല്ലാം രാജു നാരായണ സ്വാമി നിഷേധിക്കുകയാണ്. എല്ലാം ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നും രാജു നാരായണ സ്വാമി പറയുന്നു.
എസ്എല്‍സി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. കെ സുരേഷ് കുമാര്‍ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ് എന്നവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. മുന്‍ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു. ഇങ്ങനെ രാജു നാരായണ സ്വാമി എടുത്ത പല തീരുമാനങ്ങളും ഇടതുപക്ഷത്തിനും സിപിഎമ്മിനും തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥനായതിനാല്‍ തന്നെ സ്വാമി പലരുടെയും കണ്ണിലെ കരടായിരുന്നു. ആ കരടെടുത്തു കളയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.