തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നിർബന്ധിത വിരമിക്കൽ നൽകണമെന്നു ശിപാർശ ചെയ്യുന്ന ഫയലിൽ വിശദീകരണം ആവശ്യപ്പെട്ട് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചു. നാലു ചോദ്യങ്ങൾ ഉന്നയിച്ചാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിക്കു മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചത്.
നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡെപ്യുട്ടേഷനിലായിരുന്ന രാജു നാരായണ സ്വാമിയുടെ ഡെപ്യൂട്ടേഷൻ നേരത്തെ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ? ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ? ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിനു എന്തെങ്കിലും കത്തു നൽകിയിട്ടുണ്ടോ?അദ്ദേഹത്തിന്റെ കോൺഫിഡൻഷൽ റെക്കോർഡിൽ പല പ്രതികൂല പരാമർശങ്ങളും ഉണ്ട്. അതു നീക്കുന്നതിന് അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിയെ നിർബന്ധിത വിരമിക്കൽ നൽകി നീക്കംചെയ്യാൻ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ വന്നത്. കേന്ദ്ര- സംസ്ഥാന സർവീസുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതിയാണു രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. സർവീസിലിരിക്കെ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചു, കേന്ദ്ര സർവീസിൽനിന്നു സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ആരോപിച്ചത്.
എന്നാൽ നാലു കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഫയൽ സമിതിക്കു തന്നെ മടക്കി അയച്ചതോടെ നടപടി നീളുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ശിപാർശ അംഗീകരിച്ചിരുന്നെങ്കിൽ അതു കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കുകയും കേന്ദ്ര സർക്കാർ തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു.