തൃശൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഒല്ലൂര്‍ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടര്‍ കെ.എം. ടിന്‍സണിന്റെയും മനസ്സാന്നിധ്യം രക്ഷിച്ചത് 45 ആളുകളുടെ ജീവന്. തിങ്കളാഴ്ച മൂവാറ്റുപുഴയില്‍ സംഭവിച്ച അപകടത്തെതുടര്‍ന്നാണ് ഇരുവരുടെയും ആത്മധൈര്യം അനേകര്‍ക്ക് രക്ഷയായത്. അമിത വേഗത്തിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്.
അപ്രതീക്ഷിതമായെത്തിയ ബൈക്ക് ബസില്‍ ഇടിച്ച് കയറിയപ്പോള്‍ മനസ്സു പിടഞ്ഞെങ്കിലും ബസിനു താഴെനിന്നു പുക ഉയരുന്നതു കണ്ടതോടെ യാത്രക്കാരോടു പുറത്തിറങ്ങാന്‍ അലറിവിളിക്കുകയായിരുന്നു, ഡ്രൈവര്‍ രാജു ബേബി. രാജുവിന്റെ അലര്‍ച്ച കേട്ടതോടെ കണ്ടക്ടര്‍ ടിന്‍സണ്‍ ബസിന്റെ വാതിലുകള്‍ തുറന്ന് യാത്രക്കാര്‍ക്ക് ഓടിമാറാന്‍ നിര്‍ദേശം നല്കി. എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണു രാജുവും ടിന്‍സണും ബസിനടുത്തു നിന്നു മാറിയത്.
പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു ബസില്‍ തീയാളിപ്പടര്‍ന്നു. ഇതിനിടയില്‍ ബൈക്ക് യാത്രികന് അനൂപിനെ നാട്ടുകാരില്‍ ചിലര്‍ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകള്‍ കൂടിയുണ്ടായിരുന്നുവെന്നു രാജു ബേബി പറഞ്ഞു. എന്നാല്‍ അപകടത്തിനു ശേഷം മറ്റു ബൈക്കുകളില്‍ ഉണ്ടായിരുന്നവര്‍ സ്ഥലം വിട്ടു. ബസിനടിയില്‍പ്പെട്ട ബൈക്ക് പൂര്‍ണമായി കത്തിനശിച്ചതിനാല്‍ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി.
എംസി റോഡില്‍ മാറാടി പള്ളിപ്പടിയില്‍ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് അപകടം. തൃശൂരില്‍ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസ്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള നാലു ഫയര്‍ യൂണിറ്റുകള്‍ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു തീ അണച്ചത്.