കായംകുളം: വ്യാപാര സംരക്ഷണയാത്ര കേരളത്തിലെ ജനങ്ങളുടെ സംരക്ഷണയാത്രയായി മാറിയെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടികൾ തിരുത്തി വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
വ്യാപാര സംരക്ഷണയാത്രയുടെ ആലപ്പുഴ ജില്ലയിലെ സ്വീകരണ പര്യടനത്തിന് സമാപനം കുറിച്ച് ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ ഏതറ്റംവരെ പൊരുതാനും വ്യാപാരി വ്യവസായി ഏകോപന സമിതി സമരമുഖത്ത് ഉണ്ടാകുമെന്നും രാജു അപ്സര പറഞ്ഞു.
ഇന്നലെ രാത്രി ഒമ്പതോടെ കായംകുളത്ത് എത്തിച്ചേർന്ന വ്യാപാര സംരക്ഷണയാത്രയ്ക്ക് ഉജ്വല സ്വീകരണമാണു നൽകിയത്. തോട്ടപ്പള്ളിയിൽനിന്നു നൂറുകണക്കിനു വ്യാപാരികൾ അണിചേർന്ന ബൈക്ക് റാലിയുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്രയെ കായംകുളത്തേക്ക് വരവേറ്റത്.
രാജു അപ്സരയുടെ ജന്മനാട്ടിൽ നടന്ന സ്വീകരണമായതിനാൽ മാവേലിക്കര, ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളിലെ മുപ്പതോളം യൂണിറ്റുകളിൽനിന്നു നൂറുകണക്കിന് വ്യാപാരികൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. ആലപ്പുഴ ജില്ലയിലെ സ്വീകരണ പരിപാടികളുടെ സമാപനവും കായംകുളത്തായിരുന്നു.
സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ട്രഷറർ എസ്. ദേവരാജൻ, ബാബു കോട്ടയിൽ, കെ.വി. അബ്ദുൽ ഹമീദ്, എ. ജെ. ഷാജഹാൻ, വി. സബിൽരാജ്, സിനിൽ സബാദ്, ജി. മണിക്കുട്ടൻ എലൈറ്റ്, വി.സി. ഉദയകുമാർ, മഠത്തിൽ ഷുക്കൂർ, സലിം രാമനാട്ടുകര, സുനീർ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.