വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് ചോദിക്കാത്ത പാര്‍ട്ടി പദവി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതിനെതിരേ മലയോര മേഖലയിലെ കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പുകയുന്നു.
നാലുദിവസം മുമ്പാണ് കട്ടക്കയത്തെ ഡിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കെപിസിസി നേരിട്ട് ഉത്തരവിറക്കിയത്. ഇന്നലെ ആ ഉത്തരവ് മരവിപ്പിച്ചതായുള്ള അറിയിപ്പും ലഭിച്ചു.
ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ മത-സാമുദായിക പരിഗണനകളുടെ പേരില്‍ രണ്ടാംതവണയും അവഗണിക്കപ്പെട്ടിട്ടും തികഞ്ഞ അച്ചടക്കത്തോടെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആത്മാര്‍ഥമായി രംഗത്തിറങ്ങുകയും ചെയ്യുന്നതിനിടെയാണ് കടക്കയത്തിന് ഈ അവഹേളനം കൂടി ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുതിര്‍ന്ന നേതാവുമായ രാജു കട്ടക്കയത്തെ തീരെ ജൂണിയറായ നേതാക്കള്‍ക്കൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ട ആവശ്യംതന്നെ ഉണ്ടായിരുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മലയോരമേഖലയില്‍ നിന്നുതന്നെ കട്ടക്കയത്തേക്കാള് ഏറെ ജൂണിയറായ നേതാക്കള്‍ അഞ്ചുവര്‍ഷം മുമ്പേ ഈ പദവിയിലെത്തിയതാണ്.
കഴിഞ്ഞ കെപിസിസി പുന:സംഘടനയില്‍ ജില്ലയില്‍നിന്നും കെപിസിസി സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാക്കളിലൊരാളാണ് രാജു കട്ടക്കയം.
അവിടെയും മറ്റു പരിഗണനകളുടെ പേരില്‍ കാര്യമായ ജനകീയ അടിത്തറയില്ലാത്ത പല നേതാക്കളും സ്ഥാനം പിടിച്ചപ്പോള്‍ കാല്‍നൂറ്റാണ്ടായി ബളാലിനെ ഇളക്കം തട്ടാത്ത കോണ്‍ഗ്രസ് കോട്ടയായി നിലനിര്‍ത്തുന്ന കട്ടക്കയം തഴയപ്പെടുകയായിരുന്നു.
രാജു കട്ടക്കയത്തിന്റെ പ്രവര്‍ത്തനമികവിന് കെപിസിസി സെക്രട്ടറി സ്ഥാനംതന്നെ അര്‍ഹതപ്പെട്ടതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.