എരുമേലി: രാവിലെ ബേക്കറിയിൽ പാൽ വാങ്ങാൻ വന്നവർ ഒരു വിഐപി ചായ കുടിച്ച് പത്രം വായിച്ചിരിക്കുന്നത് കണ്ട് ഞെട്ടി. കൂടെ ഗൺമാനെ കണ്ടാണ് തങ്ങളുടെ മുന്നിൽ ചായ കുടിച്ച് പത്രം വായിച്ചിരുന്നത് സംസ്ഥാനത്തിന്റെ വനംമന്ത്രി ആണെന്ന് മിക്കവർക്കും മനസിലായത്.
എന്നാൽ മന്ത്രിയാകട്ടെ ഇത് തനിക്ക് പുതുമയല്ലെന്ന മട്ടിൽ നാട്ടുകാരോട് അടുത്തിടപഴകി.
വനം വകുപ്പ് എരുമേലിയിൽ സംഘടിപ്പിച്ച ജില്ലാതല വനം അദാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി. മുമ്പും താൻ എരുമേലിയിൽ കടയിൽ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മന്ത്രി നാട്ടുകാരോട് പറഞ്ഞു.
തലേദിവസം രാത്രിയിൽ എത്തിയ മന്ത്രി എരുമേലി പൊതു മരാമത്ത് റസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാവിലെ പ്രഭാത നടത്തത്തിനായാണ് ടൗണിൽ എത്തിയത്. ഇതിനിടെ പേട്ടക്കവലയിൽ നൈനാർ മസ്ജിദിൽ അദ്ദേഹം സന്ദർശനം നടത്തി.
കാറും അകമ്പടിക്കാരുമില്ലാതെ സാധാരണക്കാരനെപ്പോലെ എത്തിയ മന്ത്രിയെ കണ്ട് പലരും അദ്ഭുതപ്പെട്ടു. വിശേഷങ്ങൾ ചോദിച്ച് നാട്ടുകാരോട് അടുത്തിടപെട്ട മന്ത്രിയോട് നാട്ടുകാർ വനം വകുപ്പിന്റെ അദാലത്തിനെപ്പറ്റി സംശയങ്ങൾ ചോദിച്ചു.
പാമ്പു കടിയേറ്റാൽ ചികിത്സയ്ക്ക് ധനസഹായം ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു പലർക്കും സംശയം. ലളിതമായി മറുപടി നൽകി സംശയങ്ങൾ പരിഹരിച്ച മന്ത്രി നാട്ടുകാർക്കൊപ്പം കടയിലിരുന്ന് ചായ കുടിച്ച് പത്രങ്ങൾ വായിച്ച ശേഷം നടന്നാണ് റസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.