കൊച്ചി:മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് രാജാവിന്റെ മകന്‍. ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനം കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ചിത്രവും നായകനായ വിന്‍സെന്റ് ഗോമസും ആരാധകരുടെ മനസ്സില്‍ ജ്വലിച്ചു നില്‍ക്കുകയാണ്. ചിത്രത്തിലെ ഡയലോഗുകള്‍ ഇപ്പോഴും ആളുകള്‍ ഏറ്റുപറയുന്നു.
ചിത്രത്തിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗായിരുന്നു, ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്?. ഡയലോഗ് ഇപ്പോഴും ആരാധകര്‍ പറയുന്നുണ്ടെങ്കിലും ഡയലോഗിലെ രാജുമോന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ? സിനിമ ഇറങ്ങി 32 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാജുമോന്‍ വല്ലാണ്ടങ്ങ് വളര്‍ന്നിരിക്കുന്നു. പ്രശോഭ് എന്നാണ് രാജുമോന്റെ യഥാര്‍ഥ പേര്.
കോഴിക്കോട് കോട്ടുളി സ്വദേശിയായ പ്രശോഭ് ഇപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അക്ഷയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമയാണ്. തമ്പി കണ്ണന്താനത്തിന്റെ തന്നെ പാസ്‌പോര്‍ട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രശോഭിന്റെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ അഭിനയത്തിന് 1984 ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിനു ശേഷം പ്രശോഭ് സിനിമയില്‍ നിന്ന് പടിയിറങ്ങി. അച്ഛന്‍ പത്മനാഭന്‍ നായരുടെ പാതയില്‍ ബാങ്ക് ഉദ്യോഗസ്ഥനായി. പിന്നീട് സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. സിനിമയുടെ വഴിയായിരുന്നില്ല എന്റേത്’. ഇതു പറയുമ്പോള്‍ പ്രശോഭിന് നഷ്ടബോധം തീരെയില്ല.
രാജാവിന്റെ മകന്‍ 36 വര്‍ഷം മുമ്പുള്ള ഓര്‍മ്മയാണ്. അന്ന് ഞാന്‍ തീരെ ചെറിയ കുട്ടി. പരീക്ഷയ്ക്കിടെയായിരുന്നു ഷൂട്ടിംഗ്. തമ്പി കണ്ണന്താനം സാര്‍ ഇതിനനുസരിച്ച് ഷെഡ്യൂള്‍ ഒരുക്കി. അന്തരിച്ച നടന്‍ ബാലന്‍ കെ. നായര്‍ എന്റെ ബന്ധുവാണ്. അങ്കിള്‍ വഴിയാണ് സിനിമയിലേക്ക് എത്തിയത്. പ്രശോഭ് പറയുന്നു. ഭാര്യ അനുരാധയും ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഇരുവരും ജോലി രാജി വച്ച് ബിസിനസിലേക്ക് ഇറങ്ങി. ഏഴു വയസുകാരി ദക്ഷിണയാണ് മകള്‍. തമ്പി കണ്ണന്താനത്തിന്റെ ഓര്‍മ്മകളില്‍ പ്രണാമം അര്‍പ്പിക്കുകയാണ് പ്രശോഭ്. എന്തായാലും രാജുമോനെ കണ്ടെത്താനായതിന്റെ ചാരുതാര്‍ഥ്യത്തിലാണ് വിന്‍സെന്റ് ഗോമസിന്റെയും രാജുമോന്റെയും ആരാധകര്‍.