തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. ഇടതുമുന്നണി ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് മുൻപേ തന്നെ സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ച് സിപിഐയും കേരളാ കോണ്ഗ്രസ് എമ്മും ആർജെഡിയും എൻസിപിയും രംഗത്ത് വന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
രാജ്യസഭ അംഗങ്ങളായിരുന്ന എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ പരിഗണിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് രണ്ട് പേരെ മാത്രമെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കാൻ സാധിക്കുകയുള്ളു.
സാധാരണ രാജ്യസഭ സീറ്റ് സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കുകയാണ് പതിവ്. രാജ്യസഭ സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സീറ്റ് തങ്ങൾക്ക് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയത്ത് കേരള കോണ്ഗ്രസ് എം ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റ് കൊടുക്കണമെന്നാണ് കേരള കോണ്ഗ്രസ് എമ്മിന്റെ നിലപാട്. ഒരു സീറ്റ് സിപിഎമ്മും സിപിഐയും വീതം വച്ചെടുത്താൽ കേരള കോണ്ഗ്രസിന്റെ നില പരുങ്ങലിലാകും. കേരള കോണ്ഗ്രസ് എമ്മിന് കാബിനറ്റ് പദവി നൽകി ഭരണപരിഷ്കാര കമ്മീഷൻ പദവി നൽകാമെന്ന് സിപിഎം അറിയിച്ചെങ്കിലും കേരള കോണ്ഗ്രസ് എം വഴങ്ങിയിട്ടില്ല.
ആർജെഡിയിലെ ശ്രേയാംസ് കുമാറിന് രാജ്യസഭ സീറ്റ് നൽകണമെന്നാണ് ആർജെഡി ആവശ്യപ്പെട്ടിരിക്കുന്നത്. പി.സി. ചാക്കോയെ പരിഗണിക്കണമെന്ന് എൻസിപിയും ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭ സീറ്റ് വിഷയത്തിൽ സിപിഎം ഉടൻ തന്നെ ഉഭയകക്ഷി ചർച്ച തുടങ്ങും. ഇന്നു മുതൽ രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്.
രാജ്യസഭയിലേക്ക് സിപിഎമ്മിൽ നിന്നു പൊളിറ്റ് ബ്യുറോ അംഗമായ എം.എ. ബേബിയെയും സിപിഐയിൽ നിന്നും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സത്യൻ മൊകേരിയെയും പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
എം. സുരേഷ്ബാബു