ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായ രാകേഷ് റോഷന് കാൻസറെന്ന് സ്ഥിരീകരിച്ച് മകനും നടനുമായ ഋത്വിക് റോഷൻ. ഇൻസ്റ്റഗ്രാം പേജിൽ കൂടിയാണ് താരം ഈ ദുഖവാർത്ത ആരാധകരുമായി പങ്കുവച്ചത്. കാൻസർ തൊണ്ടയിലാണെന്നും ചികിത്സ പുരോഗമിക്കുകയുമാണെന്നും ഋത്വിക് അറിയിച്ചു.
“ഇന്ന് രാവിലെ ഞാൻ അച്ഛനോട് ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. സർജറി ദിവസവും അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്ന ശക്തരായ മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. ഏതാനും ആഴ്ചകൾക്കു മുന്പാണ് അദ്ദേഹം തൊണ്ടയിലെ സ്ക്വമോസ് സെൽ കാർസിനോമയുടെ ആദ്യ ഘട്ടത്തിലാണെന്ന് കണ്ടെത്തുന്നത്.
എന്നാൽ വളരെയധികം ഉൗർജ്ജസ്വലനായി അദ്ദേഹം അതിനെ പൊരുതി മുന്നേറുന്നു. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെ പോലൊരാൾ നയിക്കാൻ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്…’ ഋത്വിക് പറഞ്ഞു.