ന്യൂഡൽഹി: ഗാസിപ്പൂരിലെ കർഷക സമരവേദിയിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.
ഗാസിപ്പൂരിലെ സമര വേദിക്കരുകിൽ തയാറാക്കിയ താത്കാലിക പാഠശാലയിലാണു കർഷക നേതാവ് കുട്ടികൾക്ക് ക്ലാസെടുക്കാനെത്തിയത്.
സമരം നടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ചേരി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.
മാതാ സാവിത്രി ബായ് ഫുലേ മഹാസഭയുടെ പ്രവർത്തകയായ നിർദേശ് സിംഗ് ആണ് ജനുവരി ആദ്യം സമര സ്ഥലത്തോട് ചേർന്നു ചേരിയിലെ കുട്ടികൾക്കായി താത്കാലിക പാഠശാല ആരംഭിച്ചത്.
ഇതിനോടകം പരിസര പ്രദേശങ്ങളിലെ 90 കുട്ടികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
നിർധന വിദ്യാർഥികൾക്ക് ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസം പോലും ഉറപ്പു വരുത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നു ടികായത് കുറ്റപ്പെടുത്തി.
ധനികരുടെ മക്കൾ എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നു.
എന്നാൽ, പാവപ്പെട്ടവരുടെ മക്കൾക്ക് പഠിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഇപ്പോഴും രാജ്യത്തില്ലെന്നും ടികായത് ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും മറ്റും പെറുക്കാൻ സമര സ്ഥലത്ത് എത്തിയിരുന്ന കുട്ടികളെയാണ് ഉത്തർപ്രദേശിൽ നിന്നുള്ള നിർദേശ് സിംഗിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂട്ടി പഠിപ്പിക്കാൻ ആരംഭിച്ചത്.
ഇപ്പോൾ ഗാസിപ്പൂർ അതിർത്തിയിലെ കർഷക സമരത്തിലെ വോളന്റിയർമാരും ഇവിടെ കുട്ടികളെ പഠിപ്പിക്കാനെത്തുന്നു.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ രാകേഷ് ടികായത് കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിച്ചതിനു പുറമേ കർഷക സമരത്തെക്കുറിച്ചും മറ്റും അവർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
കർഷക സമരത്തിനിടെ കുട്ടികൾക്കായി ഇത്തരമൊരു പാഠശാല സ്ഥാപിക്കാൻ മുൻകൈ എടുത്തു പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.