ദുബായ്: സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയ ഇന്ത്യൻ പൗരനെ യുഎഇയിൽ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കർണാടക സ്വദേശി രാകേഷ് ബി. കിത്തുർമഥിനാണു ജോലി നഷ്ടമായത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെന്റിലെ എമ്രിൽ സർവീസസിൽ ടീം ലീഡറായിരുന്നു രാകേഷ്. ഇയാൾക്കെതിരെ ദുബായ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിലാണ് രാകേഷ് മതത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തു.
പരാതി ശ്രദ്ധയിൽപ്പെട്ടയുടനെ രാകേഷിനെതിരേ സ്ഥാപനം നടപടി സ്വീകരിക്കുകയായിരുന്നു. ഇയാൾ യുഎഇയിൽ തന്നെയുണ്ടെങ്കിൽ പോലീസിന് കൈമാറുമെന്ന് എമ്രിൽ സർവീസസ് പ്രതിനിധി സ്റ്റുവർട്ട് ഹാരിസണ് പറഞ്ഞു.