ചെറുതോണി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരനായ നെടുങ്കണ്ടം സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.
ജില്ലാ ആസ്ഥാനത്തുള്ള പെണ്‍കുട്ടിയെ വയറുവേദനയെതുടർന്ന് തിങ്കളാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് പെണ്‍കുട്ടി പ്രസവിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു.
സംശയംതോന്നിയ ഡോക്ടർ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വിവരങ്ങൾ തിരക്കിയശേഷം യുവാവിനെതിരേ പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരും നെടുങ്കണ്ടത്ത് താമസിച്ചിരുന്നവരാണ്. പിന്നീട് ജില്ലാ ആസ്ഥാനത്തേക്ക് പെണ്‍കുട്ടിയും മാതാവും താമസം മാറിയിരുന്നു.
മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
കുട്ടിയുടെ മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനേതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.